‘ഒരുകാലിലെ മന്ത് മറ്റേ കാലില്‍ വെച്ചതുപോലെയാവരുത് പരിഷ്‌കാരം’; ബെവ്‌കോയില്‍ ക്യൂ വേണ്ട, എളുപ്പം കയറാനും ഇറങ്ങാനും കഴിയണമെന്ന് ഹൈക്കോടതി

കൊച്ചി: ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ആളുകള്‍ ക്യൂ നില്‍ക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഹൈക്കോടതി. മദ്യവില്‍പനയില്‍ നയപരമായ മാറ്റം വേണം. മറ്റെല്ലാ കടകളിലേതുംപോലെ ആളുകള്‍ക്ക് കയറാനും ഇറങ്ങാനും കഴിയണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുമ്പിലെ ക്യൂ സംബന്ധിച്ച ഹരജി വീണ്ടും പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണമെന്ന നിര്‍ദ്ദേശം കോടതി സര്‍ക്കാരിന് നല്‍കിയിരുന്നു. ഇതേ ഹരജിയിലാണ് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്കൂടി കോടതി ഉള്‍പ്പെടുത്തിയത്.

ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ പരിഷ്‌കാരം ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് വെച്ചതുപോലെയാകരുത്. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകണം. ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് നയപരമായ തീരുമെടുത്തുവേണം. മദ്യശാലകള്‍ക്ക് മുമ്പിലെ ക്യൂ ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. സാധാരണ പ്രവര്‍ത്തിക്കുന്ന മറ്റ് മടകളിലേതുപോലെ ആളുകള്‍ക്ക് കയറി മദ്യം വാങ്ങി തിരിച്ചുപോകാന്‍ കഴിയുന്ന സാഹചര്യമുണ്ടാക്കണം. ഇക്കാര്യത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് നവംബര്‍ ഒമ്പതിനകം സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കോടതി നേരത്തെ നല്‍കിയ നിര്‍ദ്ദേശപ്രകാരം അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത പത്ത് മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചെന്നും മുപ്പതിലധികം കൗണ്ടറുകളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.