വധഗൂഢാലോചന കേസില്‍ ദിലീപിന് തിരിച്ചടി; എഫ്‌ഐആര്‍ റദ്ദാക്കില്ല, അന്വേഷണം തുടരാമെന്നും ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജി തള്ളി ഹൈക്കോടതി. കേസില്‍ പൊലീസിന് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവും അംഗീകരിച്ചില്ല.

വധ ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു കേസ് വ്യാജമാണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഒരു വീട്ടിലിരുന്ന് സംസാരിക്കുന്നതിനെ വധഗൂഢാലോചനയായി കണക്കാക്കാനാവില്ലെന്നായിരുന്നു ദിലീപിന്റെ വാദം. ഇക്കാര്യത്തെ തുടക്കം മുതലെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. തുടര്‍ന്ന് ദിലീപിനെതിരായി ക്രൈംബ്രാഞ്ച് നിര്‍ണായക തെളിവുകളും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ദിലീപിന്റെ വാദങ്ങള്‍ കേട്ടെങ്കിലും, കേസിന്റെ മെറിറ്റിലേക്ക് കടക്കാന്‍ വിസമ്മതിച്ച കോടതി എഫ്‌ഐആര്‍ റദ്ദാക്കില്ലെന്നും വ്യക്തമാക്കുകയായിരുന്നു. ദിലീപും സഹോദരന്‍ അനൂപും അടക്കം ആറുപേരെയാണ് കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്.

കേസ് റദ്ദാക്കിയില്ലെങ്കില്‍ സിബിഐക്ക് വിടണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. ഈ സാധ്യത മുന്നില്‍ക്കണ്ട് അന്വേഷണ സംഘം ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാറാണ് വെളിപ്പെടുത്തല്‍ നടത്തിയത്. തുടര്‍ന്ന് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.