കൊച്ചി: മലങ്കര സഭാ തര്‍ക്ക വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസ് പരിഗണിക്കുന്നതില്‍നിന്നും തന്നെ പിന്മാറ്റാന് ചില അഭിഭാഷകര്‍ ശ്രമിക്കുന്നുണ്ടെന്നും എന്ത് സംഭവിച്ചാലും പിന്മാറില്ലെന്നും ജസ്റ്റിസ് രാമന് ദേവചന്ദ്രന് പറഞ്ഞു. ഹൈക്കോടതിക്കെതിരെ ചെളിവാരിയെറിഞ്ഞ് ആളാകാനാണ് ഇത്തരക്കാരുടെ ഉദ്ദേശമെന്നും ജഡ്ജി വിമര്‍ശിച്ചു.
യാക്കോബായ-ഓര്‍ത്തഡോക്സ് പള്ളികള്‍ ഏറ്റെടുക്കുന്നതുമായി സംബന്ധിച്ച് ഇരുവിഭാഗങ്ങളും ഹൈക്കോടതിയില്‍ ഹരജികള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ പള്ളികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ നല്കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ചിലര്‍ കേസില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും കേസ് ഒരിക്കലും അവസാനിക്കരുതെന്നാണ് അവരുടെ താല്പര്യമെന്നും കോടതി കുറ്റപ്പെടുത്തി. ഹൈക്കോടതിക്കെതിരെ ചെളിവാരിയെറിഞ്ഞ് ആളാകാനാണ് ചിലരുടെ ശ്രമം. കേസില്‍നിന്നും ജഡ്ജിയെ പിന്മാറ്റാനുള്ള നീക്കങ്ങള്‍ ചില അഭിഭാഷകര്‍ നടത്തുന്നുണ്ട്. എന്ത് സംഭവിച്ചാലും കേസ് പരിഗണിക്കുന്നതില്‍നിന്ന് താന്‍ പിന്മാറില്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി. അനാവശ്യ ഇടപെടലുകള്‍ കേസ് പരിഗണിക്കുന്ന ജഡ്ജിയെ ഭീഷണിപ്പെടുത്തി പിന്മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കോടതിയുടെ ഉദ്ദേശശുദ്ധി മനസിലാക്കാന്‍ എല്ലാവരും തയ്യാറാവുന്നില്ല. നിയമപോരാട്ടങ്ങളില്നിന്നും എന്ത് നേടുന്നു എന്നതല്ല കോടതിയുടെ പ്രശ്നം. ഭരണഘടനാപരമായ ബോധ്യത്തോടെയാണ് കോടതി പ്രവര്‍ത്തിക്കുന്നത്. ദേവാലയങ്ങള്‍ അടച്ചിടുന്നതിനോട് കോടതിക്ക് യാതൊരു തരത്തിലുള്ള താല്പര്യങ്ങളുമില്ല. സുപ്രീംകോടതി വിധി അതിന്റെ അന്തസത്തയോടെ നടപ്പാക്കണം എന്ന് മാത്രമാണ് കോടതിയുടെ ഉദ്ദേശമെന്നും ജസ്റ്റിസ് രാമചന്ദ്രന് വിശദീകരിച്ചു. കേസ് പരിഗണിക്കുന്നത് നവംബര്‍ പത്തിലേക്ക് മാറ്റി.