കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന നിരക്ക് തിങ്കളാഴ്ചയ്ക്കകം തീരുമാനിക്കണം. ആശുപത്രികളിലെ അമ്പത് ശതമാനം ബെഡ് ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കണം. ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നു എന്നതിന് തെളിവായി സംസ്ഥാനത്തെ ഒരു പ്രമുഖ ആശുപത്രിയുടെ ബില്ല് വായിച്ചുകൊണ്ടായിരുന്നു കോടതി നിര്‍ദ്ദേശം കടുപ്പിച്ചത്.
സ്വകാര്യ ആശുപത്രികള്‍ കൊള്ള നിരക്ക് ഈടാക്കുന്നു എന്ന സ്വകാര്യ ഹരജികള്‍ പരിഗണിച്ച് ഇടപെടല്‍ നടത്തണമെന്ന് ഹൈക്കോടതി നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തിയെന്നും നിരക്കില്‍ മൂന്ന് ദിവസത്തിനകം തീരുമാനത്തിലെത്തുമെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. കൊവിഡ് ചികിത്സയില്‍ സര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ള ആശുപത്രികളുടെ പട്ടികയും അവര്‍ ഈടാക്കുന്ന നിരക്കും പ്രസിദ്ധപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. അതിനും മൂന്ന് ദിവസത്തെ സാവകാശം വേണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലവില്‍ സര്‍ക്കാര്‍ നടപടികള്‍ തൃപ്തികരമാണെന്നും കോടതി പറഞ്ഞു.
സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കാന്‍ നടപടി എടുക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നോണ്‍ എംപാനല്‍ ആശുപത്രികളിലെ നിരക്കിന്റെ കാര്യത്തിലും വ്യക്തത വേണമെന്ന് കോടതി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ സാഹചര്യം അതിഗുരുതരമാണെന്നും എല്ലാവരും യോജിച്ച പ്രവര്‍ത്തനമാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. കൊള്ള നിരക്ക് ഈടാക്കാന്‍ സ്വകാര്യ ആശുപത്രികളെ അനുവദിക്കാന്‍ കഴിയില്ല. സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം ബെഡ്ഡെങ്കിലും ഏറ്റെടുക്കാന്‍ കഴിയുമോ എന്നത് സര്‍ക്കാര്‍ പരിശോധിക്കണം. എവിടെ ബെഡ്ഡും ഓക്സിജനും ലഭിക്കും എന്ന ധാരണ പലര്‍ക്കും ഇല്ലാത്ത സാഹചര്യമാണുള്ളത്. അത് പരിഹരിക്കാന്‍ ടോള്‍ ഫ്രീ നമ്പറുകളടക്കം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാവുന്നതാണ് എന്ന നിര്‍ദ്ദേശവും കോടതി സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെ പുരോഗതി തിങ്കളാഴാച സര്‍ക്കാര്‍ കോടതിയെ അറിയിക്കണം.
ഒരു സ്വകാര്യ ആശുപത്രിയുടെ ബില്ല് വായിച്ചുകൊണ്ട് സ്ഥിതി വളരെ ഗുരുതരമാണെന്ന വിലയിരുത്തലും കോടതി നടത്തി. ഈ ആശുപത്രി പിപിഇ കിറ്റിന് 16,000 രൂപയും ഓക്സിജന്‍ 45,000 രൂപയും ഈടാക്കി എന്ന് വ്യക്തമാക്കുന്ന ബില്ലാണ് കോടതിയില്‍ വായിച്ചത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിക്കണം എന്ന ഹര്‍ജിയിലെ പ്രത്യേക സിറ്റിങ്ങില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന്റേതാണ് നിര്‍ദ്ദേശം.
ആശുപത്രികളുടെ മേല്‍നോട്ടത്തിന് സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിക്കുന്നത് പരിഗണിക്കണം. പൂട്ടിക്കിടക്കുന്ന ആശുപത്രികള്‍ ഏറ്റെടുക്കുന്നത് പരിഗണിക്കണം. ഇക്കാര്യത്തില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരിനെ മാതൃകയാക്കാവുന്നതാണ് ലാബ് പരിശോധനകളും സര്‍ക്കാര്‍ നിര്‍ദേശിച്ച നിരക്കുകളില്‍ ആകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.