കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി. 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇത് വരെ ക്ഷേമ പദ്ധതികള്‍. ഈ അനുപാതമാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നത്. പൊതുതാല്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ വിധി.
നിലവിലെ ജനസംഖ്യ അനുസരിച്ച് അനുപാതം പുനര്‍നിശ്ചയിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്. 2015ലാണ് നിലവിലെ അനുപാതമനുസരിച്ച് പദ്ധതികള്‍ ആരംഭിച്ചത്.
നിലവിലെ അനുപാതത്തിനെതിരെ ക്രൈസ്തവ സഭകള്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. ഇത് സൈബറിടങ്ങളിലെ തര്‍ക്കങ്ങളിലേക്കും മാറിയിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ കൂടിയാണ് ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത്.
സംസ്ഥാനത്ത് ഇപ്പോള്‍ 18 ശതമാനം ക്രിസ്ത്യാനികളും 27 ശതമാനം മുസ്ലിം വിഭാഗക്കാരുമാണുള്ളത്. പുതിയ ഉത്തരവ് നടപ്പിലാക്കുകയാണെങ്കില്‍ 60:40 എന്ന അനുപാതത്തിലേക്ക് മാറും.