ഡ്രെഡ്ജര്‍ അഴിമതിക്കേസ്: ജേക്കബ് തോമസിനെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ഡ്രെഡ്ജര്‍ അഴിമതിക്കേസില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കി ഹൈക്കോടതി. സര്‍വ്വീസിലിരിക്കെ മിനുട്ട്‌സ് തിരുത്തി 20 കോടി രൂപയുടെ ഭരണാനുമതി വാങ്ങിയെന്നും 14.96 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നുമുള്ള ധനകാര്യ വിഭാഗത്തിന്റെ കണ്ടെത്തലിലായിരുന്നു വിജിലന്‍സ് കേസെടുത്തിരുന്നത്. കേസിനെതിരെ ജേക്കബ് തോമസ് നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടന്നു എന്നായിരുന്നു ആരോപണം. ഡ്രെഡ്ജര്‍ വാങ്ങാന്‍ എട്ടുകോടി രൂപയായിരുന്നു സര്‍ക്കാര്‍ അനുവദിച്ചതെങ്കിലും മിനുട്ട്‌സില്‍ തിരുത്തല്‍ വരുത്തി തുക 20 കോടിയാക്കി മാറ്റിയെന്നും 19 കോടി രൂപ ചെലവഴിച്ചു എന്നുമായിരുന്നു ആരോപണം. ടെന്‍ഡറില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ കമ്പനിയെ ഒഴിവാക്കി ഹോളണ്ട് കമ്പനിയെ ഒന്നാമതാക്കിയെന്നും ആരോപണമുയര്‍ന്നിരുന്നു. ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായിരിക്കെയായിരുന്നു അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

എന്നാല്‍, ആരോപണം നേരത്തെ ഹൈക്കോടതി തള്ളിയതായിരുന്നെന്നും അതേ ആരോപണത്തിലാണ് വീണ്ടും കേസെടുത്തിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ജേക്കബ് ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാരിന്റെ ഭരണാനുമതിയോടെയാണ് ഡ്രെഡ്ജര്‍ വാങ്ങിയതെന്നും വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ വാദമാണ് ഹൈക്കോടതി ഇപ്പോള്‍ ശരിവെച്ചത്. ജസ്റ്റിസ് നാരായണ പിഷാരടിയുടേതാണ് ഉത്തരവ്.

2009- 2014 കാലഘട്ടത്തിലായിരുന്നു ജേക്കബ് തോമസിനെ തുറമുഖ വകുപ്പ് ഡയറക്ടറായി നിയമിച്ചത്. ആരോപണമുയര്‍ന്നതിന് പിന്നാലെ അഴിമതി നടന്നിട്ടില്ലെന്ന് കാണിച്ച് 2014ല്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ആ സമയത്ത് ജേക്കബ് തോമസ് തന്നെയായിരുന്നു വിജിലന്‍സ് എഡിജിപി. കണ്ണൂരിലെ രാജീവ് ഗാന്ധി കണ്‍സ്ട്രക്ഷന്‍ കോ ഓപ്പറേറ്റീവ് കമ്പനി പ്രസിഡന്റ് ധനകാര്യ വകുപ്പിന് നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം നടന്നത്.