‘ചാരിറ്റി പ്രവര്‍ത്തകര്‍ എന്തിന് സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങുന്നു?’ ഇടപെടണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി, വേണ്ടത് സമഗ്ര പോളിസി

കൊച്ചി: ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരില്‍ പണം പിരിക്കുന്നതില്‍ ഇടപെട്ട് കേരള ഹൈക്കോടതി. ചാരിറ്റിയുടെ പേരില്‍ ആര്‍ക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല. പണം എവിടെനിന്ന് വരുന്നെന്ന പരിശോധന വേണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

പാവപ്പെട്ടവരെ സഹായിക്കാനെന്ന പേരില്‍ ആരെങ്കിലും മുന്നോട്ടുവന്നാല്‍ അവര്‍ പറ്റിക്കപ്പെടാന്‍ പാടില്ല. പണം എവിടെനിന്ന് വരുന്നു എന്നത് പരിശോധിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തിനാണ് മടിച്ചുനില്‍ക്കുന്നത്? തട്ടിപ്പുകള്‍ നടക്കുക എന്നതിന്റെ അര്‍ത്ഥം അര്‍ഹരായവര്‍ക്ക് പണം ലഭിക്കാതിരിക്കുക എന്ന് മാത്രമല്ല, മറിച്ച് പലരും പണം നല്‍കാന്‍ മടിക്കും എന്നതുകൂടിയാണെന്നും കോടതി നിരീക്ഷിച്ചു.

ചാരിറ്റിയുടെ പേരില്‍ എന്തും ചെയ്യാമെന്ന അവസ്ഥ പാടില്ല. ക്രൗഡ് ഫണ്ടിങ് സംസ്ഥാനത്ത് വ്യാപകമായി നടക്കുന്നുണ്ട്. ക്രൗഡ് ഫണ്ടിങിന് കോടതി എതിരല്ല. ചില ഘട്ടങ്ങളില്‍ ഇത്തരത്തില്‍ പണം പിരിക്കേണ്ടതായി വന്നേക്കാം. പക്ഷേ, ഇത്തരം പിരിവുകള്‍ സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണത്തിലായിരിക്കണമെന്നും കോടതി പറഞ്ഞു.

പണം എവിടെനിന്ന് വരുന്നെന്ന് സര്‍ക്കാര്‍ കൃത്യമായി അന്വേഷിക്കണം. ഇതിനുവേണ്ടി പൊലീസ് സംവിധാനങ്ങളെ ഉപയോഗിക്കാം. സത്യസന്ധമായാണോ പണമെത്തുന്നതെന്ന് പരിശോധിക്കണം. അര്‍ഹരായവര്‍ക്ക് പണമെത്തുന്നുണ്ടോ എന്ന് ഉറപ്പാക്കുകയും വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Also Read: തര്‍ക്കം പരിഹരിച്ചു; ബാറുകളിലെ മദ്യവില്‍പന ഇന്നുമുതല്‍, തുറക്കുമെങ്കിലും ഇരിക്കാനാവില്ല

ചാരിറ്റി തട്ടിപ്പുകളെക്കുറിച്ചും കോടതി ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ചില യൂട്യൂബര്‍മാര്‍ സ്വന്തം പേരില്‍, സ്വന്തം അക്കൗണ്ടിലേക്ക് പണം പിരിക്കുന്നുണ്ട്. എന്തിനാണ് അത്തരമൊരു പണപ്പിരിവ് നടത്തുന്നതെന്നും കോടതി ചോദിച്ചു. മാത്രമല്ല, പിരിച്ച പണം കൂടിപ്പോയതിന്റെ പേരില്‍ പിന്നീട് സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വലിയ തര്‍ക്കങ്ങളും അടിപിടികളും നടക്കുന്നതായി കാണുന്നു. അതുകൊണ്ട് ഇവയ്ക്ക് സമഗ്രമായ ഒരു പോളിസി സര്‍ക്കാരിന് വേണമെന്നും കോടതി വിലയിരുത്തി.

മലപ്പുറത്ത് എസ്എംഎ രോഗം ബാധിച്ച കുട്ടിയ്ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം പരിഗണിക്കവെയായിരുന്നു കോടതി ക്രൗഡ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയത്. കുട്ടിയുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി ക്രൗഡ് ഫണ്ടിങുമായി മുന്നോട്ടുപോകാമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ക്രൗഡ് ഫണ്ടിങിലെ തട്ടിപ്പുകളിലേക്ക് സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന നിര്‍ദ്ദേശം കോടതി മുന്നോട്ടുവെച്ചത്.