മീഡിയാവണ്ണിന്റെ സംപ്രേഷണ വിലക്കിന് ഹൈക്കോടതി സ്റ്റേ; കേന്ദ്രസർക്കാരിനോട് വിശദീകരണം ചോദിച്ചു

മീഡിയവൺ ചാനലിന്‍റെ സംപ്രേഷണാനുമതി നിഷേധിച്ചുകൊണ്ടുള്ള കൊണ്ടുള്ള കേന്ദ്രസർക്കാർ ഉത്തരവ് മരവിപ്പിച്ച് ഹൈക്കോടതി. രണ്ട് ദിവസത്തേക്കാണ് ഹൈക്കോടതി കേന്ദ്ര വാർത്താ വിതരണ മന്ത്രലയത്തിന്റെ ഉത്തരവ് മരവിപ്പിച്ചത്. ഇത്​ സംബന്ധിച്ച്​ കേന്ദ്ര സർക്കാറിനോട് ജസ്റ്റിസ് എൻ നഗരേഷിന്റെ ബെഞ്ച്​ വിശദീകരണം തേടി. ഹരജി ബുധനാഴ്ച്ച വീണ്ടും പരിഗണിക്കും.

തിങ്കളാഴ്ച രാവിലെയാണ് മീഡിയാ വൺ സംപ്രേഷണം നിർത്തിയത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി സംപ്രേക്ഷണാനുമതി കേന്ദ്രസർക്കാർ നിഷേധിക്കുകയായിരുന്നു. പ്രവർത്തനാനുമതിയുള്ള ചാനലുകളുടെ പട്ടികയിൽ നിന്നും കേന്ദ്ര മന്ത്രാലയം മീഡിയാ വണ്ണിനെ ഒഴിവാക്കിയിരുന്നു. തുടർന്ന് ചാനൽ സംപ്രേഷണം താത്കാലികമായി നിർത്തിവെക്കുകയായിരുന്നു.

സുരക്ഷാ കാരണങ്ങളാലാണ് ചാനൽ സംപ്രേഷണം നിർത്തിവെക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ വിശദാംശങ്ങൾ കൈമാറാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല എന്ന് മീഡിയവൺ ചീഫ് എഡിറ്റർ പ്രമോദ് രാമൻ വീഡിയോ സന്ദേശത്തിൽ വിശദീകരിച്ചു. കേന്ദ്രസർക്കാർ ഉത്തരവിനെതിരേ നിയമനടപടികൾ ആരംഭിച്ചു കഴിഞ്ഞുവെന്നും ചാനൽ സംപ്രേഷണം എത്രയും പെട്ടെന്ന് പുനരാരംഭിക്കുമെന്നും പ്രമോദ് രാമൻ പറഞ്ഞിരുന്നു.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുടെ പേരിൽ മീഡിയാവണ്ണിനെതിരെ നേരത്തെയും കേന്ദ്രസർക്കാർ നടപടിയെടുത്തിരുന്നു. 2020 മാർച്ചിൽ 48 മണിക്കൂറാണ് മീഡിയാവൺ സംപ്രേഷണം നിർത്തിവെക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നത്. എന്നാൽ വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ 14 മണിക്കൂറിന് ശേഷം ചാനലിന് സംപ്രേഷണാനുമതി തിരികെ നൽകി. കലാപ റിപ്പോർട്ടിങ്ങിൽ ടെലിവിഷൻ ചട്ടങ്ങളുടെ ലംഘനം ഉണ്ടായെന്നും ഡൽഹി പോലീസിനെതിരേയും ആർഎസ്എസിനെതിരേയും വാർത്ത നൽകി എന്നുമായിരുന്നു വാർത്താ വിതരണ മന്ത്രാലയം കാരണമായി പറഞ്ഞിരുന്നത്.