സംസ്ഥാനത്ത് 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നാളെമുതല്‍ വാക്‌സിന്‍ രജിസ്‌ട്രേഷന്‍; കൊവിഷീല്‍ഡ് രണ്ടാംഡോസ് 84 ദിവസത്തിന് ശേഷമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതല്‍ 45 വരെയുള്ള വയസുകാര്‍ക്ക് മുന്‍ഗണനാ അടിസ്ഥാനത്തില്‍ ശനിയാഴ്ചമുതല്‍ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവര്‍ക്ക് തിങ്കളാഴ്ച മുതല്‍ വാക്‌സിന്‍ നല്‍കും. വാക്‌സിന്‍ എടുത്തു കഴിഞ്ഞാലും മാസ്‌ക് ധരിക്കുകയും കൈകള്‍ ഇടക്കിടെ കഴുകുകയും സമൂഹിക അകലം പാലിക്കുകയും വേണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കൊവിഷീല്‍ഡ് വാക്‌സിന്‍ ആദ്യഡോസ് സ്വീകരിച്ച് 84 ദിവസമായവര്‍ക്ക് മാത്രമേ ശനിയാഴ്ചമുതല്‍ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ഈ മാറ്റം. ഇതനുസരിച്ച് 12 മുതല്‍ 16 ആഴ്ചകള്‍ക്കുള്ളില്‍ കൊവിഷീല്‍ഡ് രണ്ടാമത്തെ വാക്‌സിന്‍ എടുത്താല്‍ മതിയാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാല്‍ കൊവാക്‌സിന്‍ മുമ്പ് നിശ്ചയിച്ചിട്ടുള്ളതുപോലെ നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളിലെടുക്കണം. ഇതില്‍ മാറ്റം വരുത്തിയിട്ടില്ല. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്കുകൂട്ടേണ്ട കാര്യമില്ല. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.