സംസ്ഥാനത്ത് ലോക്ഡൗണ്‍ സ്ട്രാറ്റജിയില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി, ഇനി നിയന്ത്രണം വ്യാപന തീവ്രതക്കനുസരിച്ച്; ‘ലോക്ഡൗണ്‍ ഫലപ്രദമായി’

തിരുവനന്തപുരം: കേരളത്തില്‍ ലോക്ഡൗണ്‍ രീതിയില്‍ മാറ്റംവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപന തീവ്രതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദശസ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 14 തദ്ദേശ സ്വയംഭരണ പരിധിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിന് മുകളിലാണ്. 37 എണ്ണത്തില്‍ 28 മുതല്‍ 35 വരെയാണിത്. 127 ഇടത്ത് 21 നും 28നും ഇടയിലാണ്. ഉദ്ദേശിച്ച രീതിയില്‍ രോഗ വ്യാപനത്തില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് വിലയിരുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ജൂണ്‍ 16 വരെ തുടരും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലോക്ഡൗണ്‍ സ്റ്റാറ്റര്‍ജിയില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളാണ് ഇപ്പോഴുള്ളത്. ഇതിന് പകരം രോഗവ്യാപനത്തില്‍ തീവ്രതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.