രാജ്യത്ത് വിദ്യാഭ്യാസമികവില്‍ കേരളം വീണ്ടും ഒന്നാമത്; മുന്‍ വര്‍ഷത്തേതിനേക്കാള്‍ ഒരുപടികൂടി മുന്നിലെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാഭ്യാസ മികവിന്റെ സൂചികയില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്തെത്തിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019-20 പെര്‍ഫോമന്‍സ് ഗ്രേഡിങ് സൂചികയിലാണ് കേരളം വീണ്ടും ഒന്നാമതെത്തിയത്.

‘മുന്‍വര്‍ഷത്തേതിനേക്കാള്‍ പോയിന്റ് കൂട്ടി ഒരുപടി മുന്നില്‍ കയറാന്‍ ആയി എന്നതും വലിയ നേട്ടമാണ്. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ പ്രാപ്യത, പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണനിര്‍വഹണം,വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, ഫലപ്രാപ്തി എന്നിവയിലെ കേരളത്തിന്റെ മികച്ച പ്രകടനമാണ് രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളില്‍ കേരളത്തെ വീണ്ടും ഒന്നാം ശ്രേണിയില്‍ എത്തിച്ചിരിക്കുന്നത്’, മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

Also Read: സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കാതെ സഭയിലിരുന്നത് ചട്ടവിരുദ്ധം തന്നെ; എ രാജയ്ക്ക് 2500 രൂപ പിഴ ചുമത്തി സ്പീക്കര്‍

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വൈവിധ്യമായ പ്രവര്‍ത്തനങ്ങളും സമഗ്രശിക്ഷാ കേരളം വഴി നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് മികവിന്റെ സൂചികയില്‍ ഉയര്‍ന്ന ഗ്രേഡ് നേടാന്‍ കേരളത്തിന് തുണയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.