മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ നിലപാട് അംഗീകരിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍; സുപ്രീംകോടതിയെ അറിയിക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടെന്ന മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ നിലപാടറിയിക്കാന്‍ സുപ്രീംകോടതി സമയം അനുവദിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളുടെ ആശങ്കയകറ്റാനാണ് പുതിയ ഡാം എന്ന ആശയം മുന്നോട്ടുവെക്കുന്നത്. തമിഴ്‌നാടിന് വെള്ളം നല്‍കണം എന്നുതന്നെയാണ് നിലപാടെന്നും മന്ത്രി വ്യക്തമാക്കി. ‘കേരളത്തിന്റെ ആശങ്കകള്‍ മേല്‍നോട്ടസമിതിയെ ബോധ്യപ്പെടുത്തിയിരുന്നു. ഒരു ദിവസം തന്നെ നാലും അഞ്ചും അടിവരെ ജലനിരപ്പ് ഉയര്‍ന്നിട്ടുള്ള സാഹചര്യമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ കോടതിയില്‍ വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങളിലൂന്നിയ ശക്തമായ വാദങ്ങളുന്നയിക്കും. ഇതുമായി ബന്ധപ്പെട്ട് അണക്കെട്ടിന്റെ താഴെയുള്ള ജനങ്ങള്‍ക്ക് ആശങ്ക വേണ്ട. എല്ലാ നിര്‍ദ്ദേശങ്ങളും റവന്യൂ മന്ത്രി ജില്ലാകളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്’, റോഷി അഗസ്റ്റിന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മുല്ലപ്പെരിയാര്‍ ഡാം ഏതെങ്കിലും ഘട്ടത്തില്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ മുമ്പത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജനും ആവര്‍ത്തിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊണ്ടിട്ടുണ്ടെന്നും സംസ്ഥാനത്ത് മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അവസാനമായി അറിയിച്ചതെന്ന് റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. ‘ഒക്ടോബറില്‍ മാത്രമുണ്ടായ അഞ്ചാമത്തെ ന്യൂനമര്‍ദ്ദമാണിത്. തെക്കന്‍-കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാത ചുഴി കൂടുതല്‍ ശക്തി പ്രാപിച്ച് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടിരിക്കുകയാണിപ്പോള്‍. അത് അടുത്ത് മൂന്നുദിവസം പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കാനാണ് സാധ്യതയെന്നാണ് ലഭ്യമായ വിവരം. തെക്കുകിഴക്കന്‍ അറബിക്കടലില്‍നിന്ന് കേരള തീരം മുതല്‍ മധ്യകിഴക്കന്‍ അറബിക്കടലിലെ കര്‍ണാടക തീരം വരെ ഒരു ന്യൂനമര്‍ദ്ദ പാത്തിയും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദ രൂപീകരണത്തിന്റെയും അറബിക്കടലിലെ ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി ഒക്ടോബര്‍ 31 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്’, മന്ത്രി പറഞ്ഞു. മുന്നറിയിപ്പനുസരിച്ച് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് 27ന് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചെന്നും അദ്ദേഹം അറിയിച്ചു.