കേരള സര്‍വ്വകലാശാല വിസി നിയമനം; സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി നീട്ടി

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി നീട്ടി. മൂന്നുമാസം കൂടിയാണ് നീട്ടിയിരിക്കുന്നത്. നവംബർ അഞ്ചിന് കാലാവധി തീരാനിരിക്കെയാണ് തീരുമാനം. നിലവില്‍ ഗവര്‍ണ്ണറുടേയും യുജിസിയുടേയും നോമിനികള്‍ മാത്രമാണ് കമ്മിറ്റിയിലുള്ളത്.

സെനറ്റിന്റെ നോമിനിയെ നിര്‍ദ്ദേശിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം ഇതുവരെ സര്‍വ്വകലാശാല പാലിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ രൂപീകരിച്ച രണ്ടംഗ സമിതി വിസി നിയമനവുമായി മുന്നോട്ട് പോയേക്കുമെന്നാണ് സൂചന. നവംബർ നാലിന് ചേരുന്ന അവസാന സെനറ്റ് യോഗത്തിലും തീരുമാനമുണ്ടായില്ലെങ്കില്‍ ഗവര്‍ണ്ണര്‍ രൂപീകരിച്ച രണ്ടംഗ സെര്‍ച്ച് കമ്മിറ്റി പുതിയ വിസിയെ കണ്ടെത്താനുള്ള നടപടി ആരംഭിക്കും. കമ്മിറ്റിയുടെ തീരുമാന പ്രകാരം താത്കാലിക വിസിയെ നിയമിക്കുന്നത് അടക്കമുള്ള നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

ഇതിനിടെ ചൊവ്വാഴ്ച ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന തന്റെ നോമിനികളെ പിരിച്ചുവിട്ട ഗവർണർ അസാധാരണ നടപടിയിലേക്ക് കടന്നിരുന്നു. ഇടത് അംഗങ്ങളും ചാന്‍സ്ലറുടെ നോമിനികളും അടങ്ങുന്ന 15 പേരാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നിരുന്നത്. സിപിഐഎം തീരുമാന പ്രകാരമായിരുന്നു അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. തുടർന്ന് വിസിയോട് റിപ്പോർട്ട് തേടിയതിന് ശേഷമായിരുന്നു ഗവർണറുടെ നടപടി. പിന്‍വലിച്ചതില്‍ നാല് വകുപ്പ് മേധാവികളും, രണ്ട് പേര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളും ഉള്‍പ്പെടുന്നു.

ചാന്‍സിലർക്ക് താല്പര്യം നഷ്ടമായാല്‍ അംഗങ്ങളെ പിന്‍വലിക്കാമെന്ന ചട്ടപ്രകാരമാണ് നടപടി. അതിനാല്‍ തന്നെ പിന്‍വലിക്കപ്പെട്ട അംഗങ്ങള്‍ക്ക് നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനാകില്ല. സർക്കാരിനും ഇടപെടല്‍ സാധ്യമല്ല.