കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി; എങ്കില്‍ പ്രക്ഷോഭമെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്രം എക്‌സൈസ് നികുതി കുറച്ചതിന് ആനുപാതികമായി കുറവുണ്ടാവും. എന്നാല്‍ കേരളത്തില്‍ അധിക ഇളവ് കൊണ്ടുവരില്ലെന്നും മന്ത്രി പറഞ്ഞു.

‘സംസ്ഥാനങ്ങള്‍ക്ക് നികുതി കുറയ്ക്കുന്നതിന് പരിമിതികളുണ്ട്. കേന്ദ്രം വിലകുറച്ചതിന് ആനുപാതികമായി സംസ്ഥാനം വില കുറച്ചിട്ടുണ്ട്. കേന്ദ്രം പെട്രോളിന് അഞ്ചും ഡീസലിന് പത്തും രൂപ വീതം കുറച്ചപ്പോള്‍ സംസ്ഥാനത്ത് യഥാക്രമം 2.50, 1.60 രൂപയുടെ കുറവ് വന്നിട്ടുണ്ട്’, ധനമന്ത്രി വ്യക്തമാക്കി.

കേരളം ആറുവര്‍ഷത്തിനിടെ നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നതും മന്ത്രി ചൂണ്ടിക്കാട്ടി. നേരത്തെ കൂട്ടിയിരുന്ന നികുതിയാണ് മറ്റ് സംസ്ഥാനങ്ങള്‍ ഇപ്പോള്‍ കുറയ്ക്കുന്നത്. ഇന്ധന നികുതിയില്‍നിന്നുള്ള വരുമാനത്തില്‍നിന്നാണ് സംസ്ഥാനം പെന്‍ഷനും ശമ്പളവുമടക്കം നല്‍കുന്നത്. കൊവിഡിന്റെയടക്കം വലിയ സാമ്പത്തിക ബാധ്യത സംസ്ഥാനത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധന വില കുറച്ച കേന്ദ്ര നടപടി പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കഴിഞ്ഞ മാസങ്ങളിലായി 30 രൂപയാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടായത്. ഇത്രയും കൂട്ടിയതിന് ശേഷം അഞ്ചുരൂപ കുറയ്ക്കുന്നത് പോക്കറ്റടിച്ച ശേഷം വണ്ടിക്കൂലിക്ക് പണം നല്‍കുന്നതുപോലെയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് തിരിയുമെന്ന നിലപാടാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. കേന്ദ്രം മാത്രം വില കുറയ്ക്കാന്‍ തീരുമാനിച്ചിട്ട് കാര്യമില്ല. സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണം. അതിന് തയ്യാറാവുന്നില്ലെങ്കില്‍ പ്രക്ഷോഭത്തിന്റെ വാള്‍മുന സംസ്ഥാന സര്‍ക്കാരിന് നേരെ തിരിച്ചുവിടുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്മതാക്കി. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നികുതി കുറച്ചിരുന്നു. ഈ മാതൃക പിണറായി സര്‍ക്കാര്‍ സ്വീകരിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: തെരഞ്ഞെടുപ്പടുത്ത യു.പിയിലടക്കം ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങളില്‍ ഇന്ധന വിലയില്‍ എക്‌സ്ട്രാ ഇളവ്; യോഗി കുറച്ചത് 12 രൂപ

ദീപാവലി സമ്മാനമെന്ന് വിശേഷിപ്പിച്ചാണ് ദിനംപ്രതി മാസങ്ങളോളം വര്‍ധിപ്പിച്ചുകൊണ്ടിരുന്ന ഇന്ധന വിലയില്‍ ഇളവ് അനുവദിക്കുന്നതായി ബുധനാഴ്ച വൈകീട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്തുരൂപയും കുറച്ചായിരുന്നു പ്രഖ്യാപനം. ഇന്ധന വില ക്രമാതീതമായി ഉയരുന്നതിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയായിരുന്നു ഇത്.