ഓടിയത് കേന്ദ്രത്തിന്റെ 100 ഓക്‌സിജന്‍ എക്‌സ്പ്രസ്, 396 ടാങ്കറുകള്‍; എന്ന് കിട്ടുമെന്ന് പോലുമറിയാതെ കേരളം

കേന്ദ്രസര്‍ക്കാരിന്റെ നൂറിലധികം ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ വിവിധ സംസ്ഥാനങ്ങളിലെത്തിയിട്ടും ഒരു ടാങ്കര്‍ ഓക്‌സിജന്‍ പോലും കിട്ടാതെ കേരളം. ഓക്‌സിജന്‍ ട്രെയിനുകള്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എന്ന് മുതല്‍ ലഭ്യമാകുമെന്ന് വ്യക്തമായിട്ടില്ല. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം കേന്ദ്ര സര്‍ക്കാരാണ് മുന്‍ഗണന നിശ്ചയിക്കുന്നത്. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ണാടകയില്‍ മാത്രമാണ് നിലവില്‍ ട്രെയിന്‍ മുഖേനയുള്ള ഓക്‌സിജന്‍ കിട്ടിയത്.

ഓക്‌സിജന്‍ വിതരണത്തിനുള്ള ക്രയോജനിക് ടാങ്കറുകളുടെ ദൗര്‍ലഭ്യമുള്ളതിനാല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് സ്വന്തം നിലയില്‍ ടാങ്കറുകള്‍ കണ്ടെത്തി നല്‍കണം. റെയില്‍വേ മേല്‍പ്പാലങ്ങളുടെ കീഴിലെ ഉയരക്കുറവും തുരങ്കങ്ങളും കേരളത്തില്‍ തടസമാകുമെന്നതിനാല്‍ കേരളത്തിലെ എല്ലായിടത്തും ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ ഓടിക്കാനാകില്ല. ഓക്‌സിജന്‍ ടാങ്കറുകള്‍ പാലക്കാട് എത്തിച്ച ശേഷം റോഡ് മാര്‍ഗം മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോകുകയാണ് എളുപ്പ വഴി.

ദക്ഷിണ റെയില്‍വേയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ ഇന്നലെ തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ നിന്ന് കാലി ടാങ്കറുകളുമായി ഒഡീഷയിലെ റൂര്‍ക്കേലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്ന് രാത്രിയോടെയാണ് റൂര്‍ക്കേലയിലെത്തുക. അവിടെ നിന്ന് ഓക്‌സിജന്‍ നിറച്ച ശേഷം തിരികെ പോരും.

ഇന്ത്യന്‍ റെയില്‍വേ വഴി 396 ടാങ്കറുകള്‍ ഉപയോഗിച്ച് ഇതിനിടെ 6260 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ കേന്ദ്രം വിതരണം ചെയ്തിട്ടുണ്ട്. പോകുന്ന വഴിയില്‍ തുടര്‍ച്ചയായി ഗ്രീന്‍ സിഗ്നല്‍ കിട്ടാന്‍ റെയില്‍വേ ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയിട്ടുണ്ട്. ഡല്‍ഹി, യുപി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന, തെലങ്കാന, രാജസ്ഥാന്‍, കര്‍ണാടക, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് ഇതുവരെ ട്രെയിന്‍ വഴി ഓക്‌സിജന്‍ എത്തിച്ചത്.