- തങ്ങളുടെ ഫ്ളാഗ് ഷിപ്പ് പ്രൊജക്ടായ സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍.
- 63,941 കോടി രൂപ ചെലവ് കണക്കാക്കപ്പെടുന്ന ഈ പദ്ധതി പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ ആശങ്കകള്‍ ഉയര്‍ത്തുന്നു. സംസ്ഥാനത്ത് ഒരു അതിവേഗ ഗതാഗത സംവിധാനം ആവശ്യമാണെന്ന് അഭിപ്രായപ്പെടുന്നവര്‍ പോലും പദ്ധതിയേക്കുറിച്ച് ഈ ഉത്കണ്ഠ പ്രകടിപ്പിക്കുന്നുണ്ട്.
- വന്‍തോതിലുള്ള പാരിസ്ഥിതിക-ജനവാസമാറ്റത്തിലേക്ക് ഈ പദ്ധതി നയിക്കും. വിസ്തൃതമായ തണ്ണീര്‍ത്തടങ്ങളും വനവും ജലാശയങ്ങളും ജനസാന്ദ്രതയേറിയ വാസമേഖലകളും നെല്പാടങ്ങളും കെട്ടിട സമുച്ചയങ്ങളും ഉള്‍പ്പെടുന്ന 1,383 ഹെക്ടര്‍ ഭൂമിയാണ് മാറ്റപ്പെടാന്‍ പോകുന്നത്.
തീരദേശ സംസ്ഥാനമായ കേരളത്തിന്റെ വടക്ക്-തെക്ക് ഭാഗങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള അതിവേഗ റെയില്‍വേ, ഇപ്പോള്‍ തന്നെ പരിസ്ഥിതി ലോലമായ ഈ പ്രദേശത്തെ കണക്ക് കൂട്ടാന്‍ പറ്റാത്തത്ര വലിയ വിപത്തിലേക്കാകും കൊണ്ടുചെന്നെത്തിക്കുക.
കണ്ണൂര്‍ ജില്ലയിലെ ജൈവവൈവിധ്യ പൈതൃക മേഖലയായ മാടായിപ്പാറ ഉദാഹരണമായെടുക്കാം. കുപ്പം, രാമപുരം, പെരുവമ്പാ നദികളാലും പരിസ്ഥിതി ലോലമായ കവ്വായി കായലാലും ചുറ്റപ്പെട്ടുകിടക്കുന്ന ചെങ്കല്‍കുന്ന്. സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ മുഹമ്മദ് ജാഫര്‍ പാലോട്ട് പറയുന്നതനുസരിച്ച് മാടായിപ്പാറ 657 സസ്യങ്ങളുടേയും 142 ചിത്രശലഭങ്ങളുടേയും 186 പക്ഷികളുടേയും 60 തരം തുമ്പികളുടേയും ആവാസസ്ഥലമാണ്. ഉരഗ വര്‍ഗത്തില്‍ പെട്ട 24 സ്പീഷിസുകള്‍ക്കും അപൂര്വ്വയിനത്തില്പെട്ടതും വംശനാശം നേരിടുന്നതുമായ 19 തരം ഉഭയജീവികള്‍ക്കും മാടായിപ്പാറ പാര്‍പ്പിടമാണ്. കണ്ണൂരിന്റെ ആകെ വിസ്തൃതിയില്‍ 0.01 ശതമാനം മാത്രമുള്ള ഈ ചെങ്കല്കുന്നാണ് ജില്ലയിലെ 58.75 ശതമാനം സസ്യജാലങ്ങള്‍ക്ക് അഭയമൊരുക്കുന്നത്.
മാടായിപ്പാറയുടെ തെക്ക് നിന്നും 132 കിലോമീറ്റര്‍ അകലെയാണ് അഴിമുഖ ആവാസവ്യവസ്ഥയായ കടലുണ്ടി പക്ഷിസങ്കേതം. കടലുണ്ടിയില്‍ നിന്ന് അല്പം മാത്രം ദൂരെയായി അതീവ പരിസ്ഥിതി ലോല പ്രദേശമായ പൊന്നാനി-കോള്‍ നിലങ്ങള്‍ 13,632 കിലോമീറ്ററുകളിലായി പരന്നുകിടക്കുന്നു. ഒറീസ്സയിലെ ചിലിക തടാകവും ഗുജറാത്തിലെ അമിപുര്‍ തടാകവും കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പക്ഷികള്‍ക്ക് വാസമൊരുക്കുന്ന ഇടം. കോള്‍നിലത്ത് കുരുവികള്‍ ഉള്‍പ്പെടെ 241 ഇനം പക്ഷികളുടെ സാന്നിധ്യം പക്ഷിനിരീക്ഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവയില്‍ 30 ശതമാനം പേര് ദേശാടനക്കാരാണ്.
പൊന്നാനിക്ക് സമീപത്തായാണ് കുളങ്ങളും തടാകങ്ങളും തണ്ണീര്‍ത്തടങ്ങളും കൊണ്ട് സമ്പന്നമായ തിരുനാവായ ഗ്രാമം. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ അമ്പലങ്ങളിലേക്ക് നല്കാന് മുപ്പതിലധികം കുടുംബങ്ങള്‍ അതീവശ്രദ്ധയോടെ താമരപ്പൂക്കള്‍ പരിപാലിച്ച് വളര്‍ത്തുന്നത് തിരുനാവായയിലാണ്.
ഈ പദ്ധതി കടന്നുപോയാല്‍ മാടായിപ്പാറ, കടലുണ്ടി, പൊന്നാനി, തിരുനാവായ പ്രദേശങ്ങളുടേയും കാസര്‍കോടിനും തിരുവനന്തപുരത്തിനും ഇടയിലുള്ള അനേകം ഗ്രാമങ്ങളുടേയും പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക സന്തുലിതാവസ്ഥ താറുമാറാകുമെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

തിരുവനന്തപുരത്ത് ആരംഭിക്കുന്ന സില്‍വര്‍ ലൈന്‍ സംവിധാനത്തിന് കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം (കാക്കനാട്), നെടുമ്പാശ്ശേരി വിമാനത്താവളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിങ്ങനെ പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും സ്റ്റേഷനുണ്ടാകും. കാസര്‍കോട് ടൗണിലാണ് സില്‍വര്‍ ലൈന്‍ അവസാനിക്കുക. രൂപരേഖയനുസരിച്ച് കോഴിക്കോട് സ്റ്റേഷന് ഭൂമിക്കടിയിലും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ സ്റ്റേഷനുകള്‍ കെട്ടി ഉയര്‍ത്തിയുമാണ് നിര്‍മ്മിക്കുക. അവശേഷിക്കുന്ന സ്റ്റോപ്പുകള്‍ തറനിരപ്പില്‍ തന്നെ. സിയാല്‍ ഇതിനോടകം തന്നെ സില്‍വര്‍ ലൈന്‍ റെയില്‍ സ്റ്റേഷന് വേണ്ടി ഒരേക്കര്‍ സ്ഥലം വാഗ്ദാനം ചെയ്തുകഴിഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ തിരിച്ചെത്തിയ പിണറായി സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് മുന്‍ഗണന കൊടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള റെയില്‍വേ സംവിധാനത്തിലൂടെ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്താന്‍ 12 മണിക്കൂര്‍ എടുക്കുമ്പോള്‍, പുതിയ ഗതാഗത മാര്‍ഗം യാത്രാദൈര്‍ഘ്യം മൂന്നിലൊന്നാക്കിച്ചുരുക്കി, നാല് മണിക്കൂറാക്കിത്തരുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പക്ഷെ, പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ ആശങ്കകളിലേക്കാണ് പദ്ധതി നടത്തിപ്പിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഏറെപ്പേര്‍ സില്‍വര്‍ ലൈന്‍ പ്രായോഗികമായി നടപ്പിലാക്കുന്നതില്‍ സംശയം പ്രകടിപ്പിക്കുന്നു. ജനസാന്ദ്രത കൂടിയ കേരളത്തില്‍ വന്‍ തോതിലുള്ള ഒരു കുടിയൊഴിക്കലിലേക്ക് ഇത് എത്തിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്. നീതി ആയോഗില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും പ്രൊജക്ടിന് അനുമതി ലഭിച്ചുകഴിഞ്ഞു. കേരള സര്‍ക്കാരും കേന്ദ്ര റെയില്‍വേ മന്ത്രാലയവും ചേര്‍ന്ന് രൂപം കൊടുത്ത കെ റെയില്‍ കമ്പനിയാണ് പ്രൊജക്ടിന്റെ നടത്തിപ്പുകാര്‍.

പാരിസ്ഥിതിക-സാമൂഹിക ആശങ്കകള്‍
വിസ്തൃതമായ തണ്ണീര്‍ത്തടങ്ങളും വനവും ജലാശയങ്ങളും ജനസാന്ദ്രതയേറിയ വാസമേഖലകളും നെല്പാടങ്ങളും കെട്ടിട സമുച്ചയങ്ങളും ഉള്‍പ്പെടുന്ന 1,383 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്ക് വേണ്ടി വരിക.
നീതി ആയോഗിന്റെ മൂല്യനിര്‍ണയം അനുസരിച്ച് ഭൂമിയേറ്റെടുക്കലിന് മാത്രം ഏകദേശം 28,157 കോടി രൂപ ചെലവാകും. ജപ്പാന് ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സി, ഹഡ്കോ, റെയില്‍ ഫിനാന്‍സ് കോര്പറേഷന്, കിഫ്ബി തുടങ്ങിയ ഏജന്‍സികളാണ് സില്‍വര്‍ ലൈന്‍ നടപ്പിലാക്കാനുള്ള പണം കടം കൊടുക്കുക. ഇപ്പോഴുള്ള ട്രെയിനുകള്‍ മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗതയിലാണ് ഓടുന്നതെങ്കില്‍ പുതിയ റെയില്‍വേ സംവിധാനത്തില്‍ അവ 200 കിലോമീറ്റര്‍ വേഗതയില്‍ പായുമെന്നാണ് പ്രതീക്ഷകള്‍.
നിലവിലെ റെയില്‍പാതയോട് സമാന്തരമായാകും സില്‍വര്‍ നിര്‍മ്മിക്കുകയെന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നത്. പക്ഷെ, ഇപ്പോഴത്തെ ക്രമീകരണം നോക്കിയാല്‍ പലയിടങ്ങളിലും നിലവിലുള്ള ട്രാക്കില്‍ നിന്നും നാല് കിലോമീറ്റര്‍ വരെ അകലെയാണ് പുതിയ ലൈന്‍. വന്‍തോതിലുളള ഭൂമി ഏറ്റെടുക്കലിലേക്കാണ് ഇത് നയിക്കുക. വലിയ വളവുകളും തിരിവുകളും ഒഴിവാക്കാനും വഴി നേര്രേഖയിലാക്കാനും വേണ്ടിയാണ് രൂപരേഖയില്‍ മാറ്റം വരുത്തിയതെന്ന് കെ റെയില്‍ മാനേജിങ്ങ് ഡയറക്ടര്‍ വി അജിത് കുമാര്‍ മൊംഗബെ ഇന്ത്യയോട് പ്രതികരിച്ചു.

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടമാകും സില്‍വര്‍ ലൈനെന്ന് കെ റെയില്‍ എംഡി പറയുന്നു. എന്നാല്‍ പദ്ധതി ഏകപക്ഷീയമായി നടപ്പിലാക്കുന്നതിനെതിരെ സംസ്ഥാനത്ത് രണ്ട് ഡസനിലധികം സമരസമിതികള്‍ ഇതിനോടകം രൂപംകൊണ്ടുകഴിഞ്ഞു. പദ്ധതിയ്ക്ക് വേണ്ടി കൃത്യമായ ശാസ്ത്രീയ, സാങ്കേതിക, സാമൂഹിക, സാമ്പത്തിക അഘാത പഠനങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനായ ആര്‍വിജി മേനോന് പറയുന്നതിങ്ങനെ.
ഭീമമായ അളവില്‍ കരിങ്കല്ലും മണ്ണും വേണ്ടി വരുമെന്നതിനാല്‍ പദ്ധതി പശ്ചിമഘട്ടത്തില്‍ വിപല്‍കരമായ ആഘാതങ്ങളുണ്ടാക്കും.
ആര്‍വിജി മേനോന്
‘കേരളത്തിലെ എല്ലാ കരിങ്കല്‍ ക്വാറികളും പശ്ചിമഘട്ടത്തിലാണ്. തണ്ണീര്‍ത്തടങ്ങളേയും നദികളേയും നെല്‍വയലുകളേയും തടാകങ്ങളേയും മുറിച്ചുകൊണ്ട് കടന്നുപോകുന്നതിനാല്‍ പദ്ധതിയ്ക്ക് വലിയ തോതില്‍ ഭൂമിയേറ്റെടുക്കല്‍ വേണ്ടിവരും. പ്രൊജക്ടിന്റെ ഭാഗമായുള്ള അനേകം പാലങ്ങള്‍ക്ക് മാത്രം വലിയ തോതില്‍ കരിങ്കല്ലും മണലും മണ്ണും ആവശ്യമായി വരും. വന്‍തുക ചെലവാകുന്ന ഈ പദ്ധതിയുടെ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാതങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും; സില്‍വര്‍ ലൈന്‍ ഒരു വെള്ളാനയാണ്.’ ആര്‍വിജി മേനോന് മൊംഗബേയോട് പറഞ്ഞു.
‘സര്‍ക്കാര്‍ ഈ പദ്ധതിയില്‍ നിന്ന് പിന്തിരിയുക തന്നെയാണ് വേണ്ടത്. ചെറിയ നേട്ടങ്ങള്‍ മാത്രം തരുന്ന വമ്പന്‍ പ്രൊജക്ടുകള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതിനാശവും, കാലാവസ്ഥാവ്യതിയാനവും ചേര്‍ന്ന് വലിയദുരിതമാണ് സംസ്ഥാനത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇടതടവില്ലാതെ ഇതനുഭവിക്കുന്ന ജനങ്ങളോട് സര്‍ക്കാര്‍ പ്രതിബദ്ധത തെളിയിക്കണം.’ ആര്‍വിജി മേനോന് കൂട്ടിച്ചേര്‍ക്കുന്നു.

പദ്ധതി, റോഡിലെ തിരക്കും അപകടങ്ങളും ഹരിത വാതകങ്ങളുടെ പുറന്തള്ളലും കുറയ്ക്കുമെന്ന് കെ റെയില്‍ എംഡി അഭിപ്രായപ്പെടുന്നുണ്ട്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. എയര്‍പോര്‍ട്ടുകളും ഐടി കോറിഡോറുകളും ബന്ധിക്കപ്പെടും. സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന നഗരങ്ങളില്‍ വികസനം കൂടുതല്‍ വേഗത്തിലാകുമെന്നും അജിത് കുമാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സര്‍ക്കാരിന്റേയും കെ റെയിലിന്റേയും അവകാശവാദങ്ങള്‍ പക്ഷെ, എല്ലാവര്ക്കും പൂര്‍ണ ബോധ്യമായിട്ടില്ല. സംസ്ഥാനത്ത് നിലവിലുള്ള റെയില്‍ സംവിധാനം പോലും വേണ്ട രീതിയില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുമ്പോള്‍ കൊണ്ടുവരുന്ന പുതിയ ബദല്‍, വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണമെന്ന് പ്രൊജക്ടിന്റെ പ്രായോഗികതയേക്കുറിച്ച് ഗവേഷണം നടത്തിയ സന്തോഷ് താന്നിക്കാട്ട് പറയുന്നു. നിലവില്‍ റെയില്‍വേയില്‍ മുടങ്ങിക്കിടക്കുന്ന അടിസ്ഥാനസൗകര്യ പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളെടുത്താല്‍ തന്നെ കേരളത്തിന്റെ ഗതാഗതപ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാനാകും. കോട്ടയം-ആലപ്പുഴ റെയില്‍വേ ട്രാക്ക് ഇരട്ടിപ്പിക്കല്‍ രണ്ട് പതിറ്റാണ്ടിലേറെയായി പൂര്‍ത്തിയാകാതെ കിടക്കുന്നതും സന്തോഷ് താന്നിക്കാട്ട് ചൂണ്ടിക്കാട്ടി.

‘ചെലവേറിയ പദ്ധതിയാണിത് എന്നതില്‍ സംശയമില്ല. അഞ്ച് വിമാനത്താവളങ്ങളുള്ള കേരളം സമീപത്തുള്ള കോയമ്പത്തൂര്‍, മംഗലാപുരം എയര്‍പോര്‍ട്ടുകളുമായും നല്ല രീതിയില്‍ ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഏതാനും കുറച്ച് യാത്രക്കാരെ മാത്രം ആകര്‍ഷിക്കുന്ന, ചെലവേറിയ ഹൈസ്പീഡ് റെയില്‍വേ യാത്രയേക്കാളും എന്തുകൊണ്ടും മെച്ചം ചെലവ് കുറഞ്ഞ ഫ്ളൈറ്റുകളാണ്. സംസ്ഥാനത്തെ ഭൂരിഭാഗം പേരും സമ്പര്ക്കബന്ധത്തില് കാസര്‍കോട് പോലുള്ള ഉള്ഭാഗങ്ങളേക്കാളും മുന്‍ഗണന നല്‍കുന്നത് ബാംഗ്ലൂര്‍, ചെന്നൈ നഗരങ്ങള്‍ക്കാണ്. അതുകൊണ്ട് തന്നെ പുതിയ റെയില്‍വേ ലൈന്‍ കൂടുതല്‍ യാത്രക്കാരെ കിട്ടുമെന്നതില്‍ യാതൊരു ഉറപ്പുമില്ല,’ സന്തോഷ് താന്നിക്കാട്ട് പറഞ്ഞു.
സംസ്ഥാനത്തെ ഒരുപാട് നെല്‍വയലുകളെ പദ്ധതി ഇല്ലാതാക്കുമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. അത്തരം പ്രദേശങ്ങളില്‍ റെയില്‍ പാത കെട്ടിപ്പൊക്കി നിര്‍മ്മിക്കുമെന്നും പാരിസ്ഥിതിക-സാമൂഹിക ആഘാതം പരമാവധി കുറയ്ക്കാനുള്ള പരിശ്രമം നടത്തുമെന്നുമാണ് അധികൃതര്‍ ഉറപ്പുനല്‍കുന്നത്. പദ്ധതിയോടുള്ള എതിര്‍പ്പുകള്‍ തള്ളിക്കളഞ്ഞ സര്‍ക്കാര്‍ വൃത്തങ്ങള്‍ 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരം സ്ഥലമേറ്റെടുക്കല്‍ നടത്തുമെന്ന് വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ സമാനമായ ആശങ്കകളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഫ്ളാഗ് ഷിപ്പ് പ്രൊജക്ടായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ ആവര്‍ത്തിച്ചുയരുന്നത്. പ്രൊജക്ട് പാരിസ്ഥിതിക-സാമൂഹിക വിഷയങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ നടപ്പിലാക്കുന്നതിന് പകരം നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തി ഉപയോഗം പരമാവധിയാക്കുകയാണ് വേണ്ടതെന്നും അവര്‍ പറയുന്നു.
സില്‍വര്‍ ലൈനിന് ബദലായി എന്ത്?
പിണറായി വിജയന്റെ ചെലവേറിയ ഈ അഭിലാഷ പദ്ധതിക്ക് പകരം ചെലവ് കുറഞ്ഞ ഒരു പ്രൊജക്ട് വികസിപ്പിച്ചെടുക്കണമെന്നാണ് കേരള പരിസ്ഥിതി ഐക്യവേദി കൂട്ടായ്മയുടെ ആവശ്യം. ‘64,000 കോടി തീര്‍ച്ചയായും ഒരു വലിയ തുകയാണ്. സര്‍ക്കാര്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്ന ചെലവ് പദ്ധതി പൂര്‍ത്തിയാകുമ്പോഴേക്കും ഇരട്ടിയിലും അധികമാകും. രൂക്ഷമായ പ്രളയങ്ങളും പേമാരിയും മണ്ണിടിച്ചിലും കടല്‍ കയറ്റവും ഓരോ വര്‍ഷവും നേരിടുന്ന സംസ്ഥാനത്ത് ഈ പദ്ധതി അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. ചെലവിന് അനുഗുണമായ ബദലുകള്‍ അന്വേഷിക്കണം. വിദഗ്ധോപദേശങ്ങള്‍ തേടി ആധികാരികവും സ്വതന്ത്രവുമായ നിലപാട് എടുക്കണം.’ കേരള പരിസ്ഥിതി ഐക്യ വേദി ഭാരവാഹിയും പ്രശസ്ത പരിസ്ഥിതിപ്രവര്‍ത്തകനുമായ ശ്രീധര്‍ രാധാകൃഷ്ണന് പറഞ്ഞു.
‘മണ്‍സൂണ്‍-പ്രളയകാലത്ത് പശ്ചിമഘട്ടത്തില്‍ നിന്നും അറബിക്കടലിലേക്കുള്ള സ്വാഭാവിക വെള്ളമൊഴുക്ക് പദ്ധതി വരുന്നതോടെ തടസപ്പെടും. വലിയൊരു ജലദുരന്തത്തിലേക്കാണ് ഇത് നയിക്കുക. നിക്ഷേപം കുറഞ്ഞ, പരമാവധി പൗരന്മാര്ക്ക് പ്രയോജനം ലഭിക്കുന്ന, പരിസ്ഥിതി സൗഹൃദ പദ്ധതികളാണ് കേരളത്തിന് ഇപ്പോള്‍ ആവശ്യം.’ സില്‍വര്‍ ലൈന്‍ പോലുള്ള ഒറ്റപ്പെട്ട പദ്ധതികള്‍ സംസ്ഥാനത്തെ പൊതുഖജനാവിനേയും വിഭവങ്ങളേയും ഇല്ലാതാക്കിക്കളയുമെന്നും ഐക്യവേദി ചൂണ്ടിക്കാട്ടി.

Also Read: കേരളത്തെ തകര്‍ത്തുകൊണ്ട് കെ റെയില്‍ ഓടേണ്ടതുണ്ടോ?
‘അഞ്ചുവര്‍ഷത്തിലധികമായി തുടര്‍ച്ചയായുണ്ടാകുന്ന വരള്‍ച്ചയിലും പ്രളയത്തിലും അടി തെറ്റി നില്‍ക്കുകയാണ് സംസ്ഥാനം. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കിയാല്‍ ദുരന്തങ്ങള്‍ സംഭവിക്കാനുള്ള സാധ്യത വര്‍ധിക്കും. അടിക്കടിയുണ്ടാകുന്ന പ്രളയങ്ങളില്‍ നിന്നും പ്രകൃതി ദുരന്തങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് സുസ്ഥിരവികസന മാതൃകകള്‍ സ്വീകരിക്കുകയാണ് കേരളം ചെയ്യേണ്ടത്.’ പരിസ്ഥിതി സന്നദ്ധ സംഘടനയായ തണലിന്റെ പ്രവര്‍ത്തക ഉഷ ശൂലപാണി മൊംഗബെ ഇന്ത്യയോട് പറഞ്ഞു.
എല്‍ഡിഎഫ് അനുകൂല സംഘടനയായ ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നറിയിപ്പ് നല്കുന്നതിങ്ങനെയാണ്: ‘സംസ്ഥാനത്തെ ആയിരക്കണക്കിന് കുടുംബങ്ങളെ ഈ പദ്ധതി വീടില്ലാത്തവരാക്കുമെന്ന് ഉറപ്പാണ്. പകര്‍ച്ചവ്യാധിയുടെ ദുരിതം ഇപ്പോഴും അനുഭവിക്കുകയാണ് ജനങ്ങള്‍. കൂട്ട കുടിയൊഴിപ്പിക്കല്‍ മൂലമുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ നമ്മള് മുന്‍കൂട്ടി കാണണം.’
‘കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല വഴി സില്‍വര്‍ ലൈന്‍ പ്രൊജക്ട് ഉപേക്ഷിക്കലാണ്. നിലവിലുള്ള റെയില്‍വേ ശൃംഖല ആധുനികവല്‍കരിച്ച് വിവിധതരത്തിലുള്ള സുസ്ഥിര പദ്ധതികള്‍ നടപ്പിലാക്കുകയാണ് വേണ്ടത്.’ വിവാദമായ സില്‍വര്‍ ലൈന്‍ പ്രൊജക്ടിന് പകരം സംസ്ഥാനം നിലവിലുള്ള റെയില്‍വേ ട്രാക്കുകള്‍ ഇരട്ടിപ്പിക്കുകയും ഇലക്ട്രോണിക് സിഗ്നലിങ്ങ് കൂടുതല്‍ കാര്യക്ഷമമാക്കുകയുമാണ് ചെയ്യേണ്ടതെന്ന് കെഎസ്എസ്പി പ്രസിഡന്റ് എ പി മുരളീധരനും ജനറല്‍ സെക്രട്ടറി കെ രാധനും ആവര്‍ത്തിക്കുന്നു.
മാധ്യമപ്രവര്ത്തകന് കെ എ ഷാജി മൊംഗബേ വെബ് സൈറ്റിലെഴുതിയ വാര്‍ത്താ ലേഖനത്തിന്റെ പരിഭാഷ