കേരള സര്‍വ്വകലാശാല ‘ഒറ്റ യൂണിറ്റ്’ നിയമനം; 2017ന് ശേഷമുള്ളവ റദ്ദാക്കി ഹൈക്കോടതി

കേരള സര്‍വ്വകലാശാല 2017ലെ വിജ്ഞാപന പ്രകാരം നടത്തിയ എല്ലാ അധ്യാപക നിയമനങ്ങളും ഹൈക്കോടതി റദ്ദാക്കി. വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണ തസ്തികകള്‍ നിശ്ചയിച്ച് നടത്തിയ നിയമനമാണ് റദ്ദാക്കിയത്. നിയമനം ഭരണഘടനാ വിരുദ്ധമാണെന്ന വാദം കോടതി അംഗീകരിച്ചു. ജസ്റ്റിസ് അമിത് റാവലിന്റേതാണ് ഉത്തരവ്.

സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള വിവിധ വകുപ്പുകളില്‍ പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികളിലേക്കുള്ള നിയമനമാണ് ഒറ്റ വകുപ്പായി കണ്ട് നടപ്പാക്കിയിരുന്നത്. ഇങ്ങനെ നിയമനം നടക്കുമ്പോള്‍ സംവരണം എന്നത് നൂറ് ശതമാനമായി മാറും, മറ്റ് യോഗ്യതയുള്ളവര്‍ക്ക് പ്രവേശിക്കാന്‍ തടസമാകും എന്നീ കാര്യങ്ങള്‍ ആരോപിച്ചായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

ഈ വിധത്തില്‍ ഒറ്റ യൂണിറ്റായി നിയമനം നടത്തുന്നത് മുന്‍പത്തെ സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശേഷം 2017 മുതല്‍ വിവിധ വകുപ്പുകളിലേക്ക് നടത്തിയ എല്ലാ അധ്യാപക നിയമനങ്ങളും റദ്ദാക്കി ഉത്തരവിടുകയായിരുന്നു.