ദിലീപിന്റെ ഫോൺ സർവീസ് ചെയ്തയാളുടെ മരണത്തിൽ ദുരൂഹത; പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

നടൻ ദിലീപിന്റെ ഫോണുകൾ സർവീസ് ചെയ്‌തിരുന്ന യുവാവ് കാർ അപകടത്തിൽ മരണപ്പെട്ടതിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. സലീഷ് എന്ന യുവാവിന്റെ മരണം പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കൾ അങ്കമാലി പൊലീസിൽ പരാതി നൽകി.

2020 ആഗസ്റ്റ് 30നാണ് സലീഷ് അങ്കമാലിയിൽ വാഹനാപകടത്തിൽ മരിച്ചത്. എറണാകുളം മറൈൻ ഡ്രൈവിന് സമീപം മൊബൈൽ ഫോൺ സർവീസ് നടത്തുന്നയാളായിരുന്നു യുവാവ്. ദിലീപിന്റെ ഫോണുകൾ ഇവിടെയായിരുന്നു സർവീസ് ചെയ്‌തിരുന്നത്‌. നടന്റെ ഫോണുകളുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ ചർച്ചയായതോടെയാണ് കുടുംബം പുനരന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഈ യുവാവിന്റെ മരണത്തിലെ ദുരൂഹത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബൈജു കൊട്ടാരക്കര ഉൾപ്പടെയുള്ളവർ രംഗത്തുവന്നിരുന്നു. സലീഷിന്റെ ജേഷ്ഠസഹോദരനാണ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ പദ്ധതിയിട്ടുവെന്ന കേസ്സിൽ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട നാലാമത്തെ മൊബൈൽ ഫോൺ ദിലീപ് ഹൈക്കോടതിയിൽ ഹാജരായില്ല. ദിലീപിന്റെ മറ്റ് മൂന്ന് ഫോണുകളും കൂട്ടുപ്രതികളുടെ മൂന്ന് ഫോണുകളും ഹൈക്കോടതി രജിസ്ട്രാർ ജനറലിന് മുൻപാകെ തിങ്കളാഴ്ച്ച രാവിലെ ഹാജരാക്കി.

ദിലീപ് നാല് ഫോണുകൾ ഉപയോഗിച്ചിരുന്നുവെന്നും നാലാമത്തെ ഫോൺ നിർണായകമാണെന്നുമാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. ദിലീപ് ഉപയോഗിച്ചിരുന്ന നാലാമത്തെ ഫോണിന്റെ ഐഎംഇഐ നമ്പർ ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. 2021ൽ വാങ്ങിയ ഈ ഐ ഫോൺ 13 പ്രോയിൽ അതിപ്രധാന വിവരങ്ങൾ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മറ്റു ഫോണുകളിലെ വിവരങ്ങൾ നാലാം ഫോണിലേക്ക് മാറ്റിയേക്കാമെന്ന സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ഈ ഫോൺ കണ്ടെത്തുന്നതിന് മാത്രമായി പ്രത്യേക അന്വേഷണ സംഘത്തെയും പൊലീസ് നിയോഗിച്ചിട്ടുണ്ട്.