തൊഴുത്തില്‍ കിടന്ന് കൊവിഡ് രോഗി മരിച്ചത് ട്വന്റി20 പ്രസിഡന്റിന്റെ വാര്‍ഡില്‍; കിറ്റക്‌സില്‍ തീവ്ര വ്യാപനമെന്ന് ശബ്ദസന്ദേശം; കിഴക്കമ്പലം പഞ്ചായത്തിനെതിരെ നാട്ടുകാര്‍

കൊച്ചി: ട്വന്റി ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിമര്‍ശനം കനക്കുന്നു. കൊവിഡ് ബാധിച്ച് തൊഴുത്തില്‍ കഴിയേണ്ടി വന്ന രോഗി മരിച്ചതിന് പിന്നാലെയാണ് വലിയ വിമര്‍ശനങ്ങളുയരുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡാണിത്. പ്രസിഡന്റ് തന്നെയാണ് ഇവിടുത്തെ ആശാപ്രവര്‍ത്തകയും.

കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് വരാതിരിക്കാനായിരുന്നു കിഴക്കമ്പലം മലയിടംതുരുത്തിലെ 38കാരന്‍ എംഎന്‍ ശശി തൊഴുത്തിലേക്ക് കിടപ്പ് മാറ്റിയത്. ഇതിനിടെ ന്യുമോണിയ ബാധിച്ച് ആരോഗ്യനില ഗുരുതരമായി. തുടര്‍ന്ന് പ്രദേശത്തെ സാമൂഹ്യപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് ദളിത് യുവാവിന്റെ മരണത്തില്‍ കലാശിച്ചതെന്ന എത്തിച്ചതെന്ന ആരോപണം ഉയരുന്നുണ്ട്. പഞ്ചായത്ത് ഭരണ സമിതിയുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ജാഗ്രതാ സമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ പഞ്ചായത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

പഞ്ചായത്ത് കൊവിഡ് രോഗികള്‍ക്കുള്ള പരിചരണവും ചികിത്സയും നിഷേധിക്കുകയാണെന്ന പരാതി നേരത്ത ഉണ്ടായിരുന്നു. പഞ്ചായത്തിലെ ആരോഗ്യസംവിധാനങ്ങള്‍ തമ്മില്‍ ഏകോപനമില്ലെന്നും കൊവിഡ് പരിചരണത്തില്‍ വേര്‍തിരിവാണെന്നുമുള്ള ആരോപണങ്ങളുമുണ്ട്. പഞ്ചായത്ത് കൊവിഡ് പ്രതിരോധത്തില്‍ നടത്തുന്ന അനാസ്ഥയില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

എംഎല്‍എ ശ്രീനിജിന്‍ അവിടെ എന്നും പോകുന്നുണ്ടെന്നും പക്ഷേ മനുഷ്യരോട് സഹകരിക്കരുത് എന്ന ഉത്തരവാണ് കിട്ടിയിരിക്കുന്നതെന്നും സാമൂഹ്യ പ്രവര്‍ത്തകയായ ധന്യാ രാമന്‍ പറയുന്നു. ‘ശ്രീനിജിന്‍ എന്ത് സഹായം നല്‍കാനും തയ്യാറാണ് പക്ഷേ ഇനിയും സഹകരിച്ചില്ലെങ്കില്‍ കൂടുതല്‍ മരണം സംഭവിക്കും. സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഇല്ലെങ്കില്‍ ഇനിയും ഇതുവരെ കാണാത്ത കൂട്ട മരണം കാണേണ്ടി വരും’, ധന്യാ രാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കിറ്റെക്‌സ് കമ്പനിയുടെ ഉല്‍പാദന യൂണിറ്റില്‍ കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും കൊവിഡ് പരിശോധനകള്‍ നടത്തുന്നില്ലെന്നും വ്യക്തമാക്കുന്ന ഒരു തൊഴിലാളിയുടേതെന്ന പേരില്‍ ശബ്ദ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വോയിസ് ക്ലിപ്പില്‍ യുവതി പറയുന്നതിങ്ങനെ.ടപനി വരുന്ന എല്ലാവരെയും ഒരു മുറിയിലേക്ക് മാറ്റുകയാണ്. ഞാനിപ്പോള്‍ ആ മുറിയിലാണുള്ളത്. ഒരു ടെസ്റ്റും ഇവിടെ നടത്തുന്നില്ല. എല്ലാവരും ദയനീയമായ അവസ്ഥയിലാണ് കഴിയുന്നത്. ശ്വാസം മുട്ടലുള്ള ആളുകളൊക്കെയുണ്ട്. അതിനെയൊന്നും തരണം ചെയ്യാന്‍ പറ്റുന്നില്ല. എന്തൊക്കെയോ മരുന്നുകള്‍ തരുന്നുണ്ട്. അതൊക്കെ കഴിക്കാവുന്നതാണോ എന്നുപോലും അറിയില്ല. കൊവിഡുള്ളവരും ഇല്ലാത്തവരുമുണ്ട്. അവരുടെ കൂടെയാണ് ഞങ്ങളെ കിടത്തിയിരിക്കുന്നത്. ഞായറാഴ്ചപോലും അവധി കൊടുക്കുന്നില്ല. പ്ലാന്റില്‍ വര്‍ക്കുണ്ടെന്നാണ് പറയുന്നത്. ലോക്ഡൗണായിട്ടുപോലും ലീവ് അനുവദിക്കുന്നില്ല’.

പഞ്ചായത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.