‘ഇത്രേയുള്ളൂ കാര്യം, ഞങ്ങളുടെ കൈയ്യില്‍ അധികാരമുണ്ട്, ഞങ്ങളത് ചെയ്യുന്നു’; സത്യപ്രതിജ്ഞാ തര്‍ക്കത്തില്‍ പുതിയ പോസ്റ്റുമായി കെജെ ജേക്കബ്, ‘ഫേസ്ബുക്കില്‍ ഒരു പുതിയ ഭരണഘടന’

തിരുവനന്തപുരം: 500 പേരെ ഉള്‍പ്പെടുത്തി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ വിമര്‍ശനം കനക്കുന്നു. സമൂഹമാധ്യമങ്ങള്‍ എല്‍ഡിഎഫ് തീരുമാനത്തെ ന്യായീകരിക്കുന്ന സൈബര്‍ ഗ്രൂപ്പുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ്. കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ തെറ്റായി അവതരിപ്പിക്കരുതെന്ന് ജേക്കബ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നതിനെ വിമര്‍ശിച്ച് കെജെ ജേക്കബ് നേരത്തെയിട്ട ഫേസ്ബുക്ക് പോസ്റ്റായിരുന്നു ഈ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതിനെ പിന്തുണച്ചും വിമര്‍ശിച്ചും ഇടത് അനുകൂല പ്രൊഫൈലുകള്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് വലിയ ചര്‍ച്ചകളായിരുന്നു ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ അരങ്ങേറിയത്.

കെജെ ജേക്കബിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

നമ്മുടെ പഴയ ഭരണഘടന അനുച്ഛേദം 164 (3) പ്രകാരം ‘ഒരു മന്ത്രി അധികാരമേല്‍ക്കുന്നതിനുമുന്പ് ഗവര്‍ണ്ണര്‍ അയാള്‍ക്ക് ഭരണഘടനപ്രകാരം നിര്‍വ്വചിക്കപ്പെട്ടിരിക്കുന്ന സത്യവാചകം ചൊല്ലിക്കൊടുക്കണം.’

Article 164 (3): Before a Minister enters upon his office, the Governor shall administer to him the oaths of office and of secrecy according to the forms set out for the purpose in the Third Schedule.

ഇന്നലെ ഫേസ്ബുക്കില്‍ ഒരു പുതിയ ഭരണഘടന കണ്ടു. അതുപ്രകാരം: ‘മുഖ്യമന്ത്രിയും സഹമന്ത്രിമാരും ഗവര്‍ണറുടെ മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്യുകയും ഗവര്‍ണ്ണര്‍ മുമ്പാകെ രജിസ്റ്ററില്‍ ഒപ്പ് വെയ്ക്കുകയും വേണം. അതിന് കീഴില്‍ ഗവര്‍ണ്ണര്‍ കൗണ്ടര്‍ സൈന്‍ ചെയ്യണം’

ആദ്യത്തെ ഭരണഘടന അനുസരിച്ച് 43 മന്ത്രിമാര്‍ പശ്ചിമ ബംഗാളില്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്; അതില്‍ മൂന്നുപേര്‍ ഓണ്‍ലൈനായിട്ടാണ് ചെയ്തിരിക്കുന്നത്.

മമതയ്ക്കിട്ടു പാര പണിയുന്നതിനും ബി ജെ പി രാഷ്ട്രീയം കളിക്കുന്നതിനും ഇടയില്‍ ഗവര്‍ണ്ണറുടെ പണി നോക്കാന്‍ അധികം സമയം കിട്ടാത്ത ജഗ്ദീപ് ധങ്കറാണ് അവരെ എല്ലാവരെയും സത്യപ്രതിജ്ഞ ചെയ്യിച്ചത്.

പഴയ ഭരണഘടനാ അനുസരിച്ച്.
പ്രത്യേകിച്ച് കുഴപ്പമൊന്നും ഉണ്ടായതായി കേട്ടിട്ടില്ല.

കാര്യം വളരെ ലളിതമാണ്. അത് ഇന്നലെ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.
‘ദുരന്തനിവാരണ നിയമം 2005 പ്രകാരം സംസ്ഥാന ദുരന്ത നിവാരണ സമിതിയുടെ നിര്‍വ്വാഹക സമിതിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ എന്നില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ച്. കോവിഡ് പ്രോട്ടോക്കോളില്‍നിന്ന് സത്യപ്രതിജ്ഞ ചടങ്ങിന് ഭാഗികമായി ഇളവുനല്‍കുന്നു.’

ഇത്രേയുള്ളൂ കാര്യം: ഞങ്ങളുടെ കൈയില്‍ അധികാരമുണ്ട്; അതുകൊണ്ടു ചെയ്യുന്നു.

വേണമെങ്കില്‍ വിശദീകരണത്തിന്റെ ഭാഗമായി ‘എന്ത് ചെയ്യാം, ആ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്’ എന്നുകൂടി പറഞ്ഞാല്‍ ധാരാളമായി
അല്ലാതെ ഈ ഭരണഘടനയ്ക്കിട്ടൊക്കെ പണിയുന്നത് എന്തിനാണ് സുഹൃത്തുക്കളെ? അതിനെ വെറുതെ വിട്ടൂടെ?

കെജെ ജേക്കബിന്റെ പഴയ പോസ്റ്റ്:

എല്‍ ഡി എഫ് മന്ത്രിസഭ അധികാരമേല്‍ക്കുന്നത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന സത്യപ്രതിജ്ഞയോടെ ആണെന്നാണ് അറിയാന്‍ കഴിയുന്നത്.

ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഒരാഴ്ചയായി കാണുന്നു. അത് ശരിയായിരിക്കില്ല എന്നാണ് വിചാരിച്ചത്. പക്ഷെ അങ്ങിനെയല്ല എന്നാണ് അന്വേഷിച്ചപ്പോള്‍ അറിയുന്നത്.

200 മുതല്‍ അഞ്ഞൂറ് പേര് വരെ ചടങ്ങില്‍ പങ്കെടുക്കും; എല്ലാവര്‍ക്കും ആന്റിജന്‍, ആര്‍ ടി പി സി ആര്‍ ടെസ്റ്റുകള്‍ എടുക്കും. ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് ആകുന്നവരെ മാത്രമേ പ്രവേശിപ്പിക്കൂ എന്നൊക്കെയാണ് അറിയുന്നത്.

മുന്‍കരുതല്‍ ഒക്കെ കൊള്ളാം; പക്ഷെ അതിലൊരു മര്യാദകേടുണ്ട്.

മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുക എന്നത് ഭരണഘടനാപരമായ ഒരു ബാധ്യതയാണ്. അതിനു ചുമതല ഏല്‍ക്കുന്നവരും ഏല്‍പ്പിക്കുന്നവരും ഉണ്ടായാല്‍ മതി. എന്നുവച്ചാല്‍ മന്ത്രിമാരും ഗവര്‍ണറും ചീഫ് സെക്രട്ടറിയും പിന്നെ ചടങ്ങു നടക്കാന്‍ ആവശ്യമായ അത്യാവശ്യം ആളുകളും.
സാധാരണ ഗതിയില്‍ ഇത് ഒരുത്സവം ആകേണ്ടതാണ്. തങ്ങളുടെ നിലനില്പിനുനേരെ നിരന്തരം വന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാന്‍ മുന്പില്‍നിന്ന ഒരു മുന്നണിയ്ക്കു ജനങ്ങള്‍ കൊടുത്ത അംഗീകാരമാണ് ഈ ജനവിധി എന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ടു മന്ത്രിസഭാ അധികാരമേല്‍ക്കുന്ന ചടങ്ങ് ഉത്സവം ആകേണ്ടതാണ്.

പക്ഷെ ഇന്നാട്ടില്‍ ഇപ്പോള്‍ ആഘോഷങ്ങളും ഉത്സവങ്ങളും നമ്മള്‍ മാറ്റിവച്ചിരിക്കുകയാണ്. എല്ലാം ചടങ്ങിനുമാത്രം. വിവാഹത്തിന് 20 പേര് എന്ന് പറഞ്ഞാല്‍ എന്റെ വീട്ടില്‍ ഒരു വിവാഹം നടന്നാല്‍ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കുപോലും പങ്കെടുക്കാന്‍ പറ്റില്ല. 21 പേര് പങ്കെടുത്താല്‍ 21 പേരും കേസ് നേരിടേണ്ടിവരുന്ന നാടാണ് ഇതിപ്പോള്‍.

അപ്പോള്‍ ഇരുനൂറുപേരുടെയോ അഞ്ഞൂറ് പേരുടെയോ ചടങ്ങു നടത്തുന്നത്, എത്ര നിബന്ധനകളോടെ ആണെങ്കിലും ശരി, നാട്ടില്‍ രണ്ടുതരം പൗരന്മാരുണ്ട് എന്ന അവസ്ഥ സൃഷ്ടിക്കലാണ്. നിയുക്തമന്ത്രിമാരുടെ ബന്ധുക്കള്‍ കാസര്‍ഗോഡുമുതല്‍ പല സ്ഥലത്തുനിന്നും തിരുവനന്തപുരം വരെ യാത്ര ചെയ്യും. അടിയന്തിര ഘട്ടത്തില്‍ അത് ചെയ്യേണ്ട എന്നല്ല; എന്നാല്‍ അങ്ങിനെയുള്ള ഒരു അടിയന്തിര സംഭവമല്ല സത്യപ്രതിജ്ഞ. അതൊരു ഭരണഘടനാ നടപടിയാണ്. അവര്‍ക്ക് മാത്രമായി നാട്ടില്‍ വേറെ നിയമമില്ല.

സാലറി ചലഞ്ചിന് നാട്ടുകാര്‍ പണം മുടക്കിയത് സര്‍ക്കാര്‍ അഭ്യര്ഥനയെത്തുടര്‍ന്നാണ്; എന്നാല്‍ വാക്‌സിന്‍ ചലഞ്ച് തുടങ്ങിവച്ചതും സര്‍ക്കാരിനെ വിശ്വസിച്ചു പണം ഏല്‍പ്പിച്ചതും അത്തരം ഒരഭ്യര്‍ത്ഥന പോലും ഇല്ലാതെയാണ്. അതങ്ങിനെ പെട്ടെന്നുണ്ടാവുന്ന കാര്യമല്ല. സര്‍ക്കാരിന് ഒരജണ്ട, ജനങള്‍ക്ക് വേറൊന്നു എന്ന മട്ടില്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന നിരുത്തരവാദിത്തം കാണിക്കുന്ന സര്‍ക്കാരിനോട് അങ്ങിനെയൊരു വിശ്വാസം വരില്ല; മറിച്ച് മുന്‍പില്ലാത്തവിധം മുന്‍പില്‍നിന്നു നയിച്ചിട്ടു വന്നതാണ്. ആ വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനും മുന്നണിയ്ക്കുമുണ്ട്.

ഒഴിവുകഴിവുകള്‍ എത്രവേണമെങ്കിലും കണ്ടുപിടിക്കാം; അതിനൊന്നും ഒരു പ്രയാസവുമില്ല. പക്ഷെ നാട്ടിലെ എല്ലാ നിയമങ്ങളില്‍നിന്നും ഒഴിവുവാങ്ങി ഒരു മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന്റെ അഭംഗി ബന്ധപ്പെട്ടവര്‍ മനസിലാക്കണം. സെന്‍ട്രല്‍ സ്‌റേഡിയത്തില്‍വച്ച് സത്യപ്രതിജ്ഞ നടത്താനുള്ള പരിപാടി ഉപേക്ഷിക്കണം.

അത്യാവശ്യം ഉള്ളവര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങായി രാജ്ഭവനില്‍വച്ചുതന്നെ നടത്താം. അങ്ങിനെയെങ്കില്‍ പന്തല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള അനാമത്തു പണികള്‍ ഒഴിവാക്കാം.

ഓണ്‍ലൈനായിട്ടു നടത്തുക എന്നതായിരിക്കും ഏറ്റവും മികച്ച കാര്യം. അത് വിപ്ലവകരമായ ഒരു പുതിയ തുടക്കമാകും; സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധത്തില്‍പ്പോലും അത് സുഖകരമായ ഒരു പാരസ്പര്യം സൃഷ്ടിക്കും.

പുതിയ തുടക്കങ്ങള്‍ ഏറെ ആവശ്യമുണ്ട്; അപ്പോള്‍ ഒഴിവുവാങ്ങി പഴയതിനു പിന്നാലെ പോകുന്നത്
ശരിയായ സന്ദേശമായിരിക്കില്ല നല്‍കുന്നത്.