ഈ ‘വിപ്ലവതീരുമാനം’ സിപിഐഎം സൈബര്‍ ക്യാപ്‌സ്യൂള്‍ ഫാക്ടറിയുടേത്; വിക്കിപീഡിയ തിരുത്തിയാല്‍ ചരിത്രം മാറില്ലെന്ന് മുന്‍ മന്ത്രി കെ കെ ബാലകൃഷ്ണന്റെ മകന്‍

വിക്കിപീഡിയ എഡിറ്റിങ്ങ് വിവാദത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി കെ കെ ബാലകൃഷ്ണന്റെ മകനും കെപിസിസി സെക്രട്ടറിയുമായ കെ ബി ശശികുമാര്‍. ആവര്‍ത്തിച്ച് കള്ളം പറഞ്ഞത് സത്യമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗീബല്‍സിയന്‍ തന്ത്രമാണ് സിപിഐഎം നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഇപ്പോള്‍ പുതിയൊരു ‘വിപ്ലവ തീരുമാനം’ ചരിത്രത്തില്‍ ആദ്യമെന്ന തരത്തില്‍ അവതരിപ്പിക്കുകയാണ് സിപിഎം സൈബര്‍ ക്യാപ്‌സ്യൂള്‍ ഫാക്ടറി. 1977 മാര്‍ച്ച് 25 ന് അധികാരത്തില്‍ വന്ന കെ കരുണാകരന്‍ മന്ത്രിസഭയിലും ഒരുമാസത്തിനു ശേഷം അധികാരത്തില്‍ വന്ന എ കെ ആന്റണി മന്ത്രി സഭയിലും ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ചേലക്കര എംഎല്‍എ ആയിരുന്ന എന്റെ പിതാവ് കെ കെ ബാലകൃഷ്ണന്‍ ആയിരുന്നു. ആ വിവരങ്ങള്‍ ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പ് വിക്കിപീഡിയയില്‍ നിന്ന് ഒഴിവാക്കിയെന്നും കെ ബി ശശികുമാര്‍ ചൂണ്ടിക്കാണിച്ചു.

ചരിത്രം തിരുത്തേണ്ടത് വിക്കിപീഡിയ പേജുകള്‍ തിരുത്തിയല്ല, ചരിത്രപരമായ തീരുമാനങ്ങള്‍ എടുത്തുകൊണ്ട് ആകണം. അതിന് സിപിഎമ്മിന് കഴിയും എന്ന് തോന്നുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം പൊടികൈകള്‍ കൊണ്ട് ആശ്വസിക്കാം.

കെ ബി ശശികുമാര്‍

ഈ 21 അംഗ മന്ത്രിസഭയില്‍ ഒരേ ഒരു ദളിത് മന്ത്രി മാത്രമേ ഉള്ളു എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. സിപിഐഎം പോലെയുള്ള ഒരു പ്രസ്ഥാനം ചരിത്രത്തില്‍ ഇന്നേവരെ ഒരു ദളിതനെ പോളിറ്റ് ബ്യൂറോയില്‍ പോലും ഉള്‍പ്പെടുതിയിട്ടില്ല എന്നത് ചര്‍ച്ച ചെയ്യപ്പെടണം, ഇതുവരെ അധികാരത്തില്‍ വന്ന ഒരു സംസ്ഥാനങ്ങളിലും ഒരു ദളിത് മുഖ്യമന്ത്രിയോ ഒരു ദളിത് പാര്‍ട്ടി സെക്രട്ടറിയോ അവര്‍ക്ക് ഉണ്ടായിരുന്നില്ല എന്നത് ചര്‍ച്ച ചെയ്യപ്പെടണമെന്നും ശശികുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ത്രി കെ കെ ബാലകൃഷ്ണനോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ നിയമസഭാ രേഖയുടേയും വിക്കിപീഡിയ പേജ് തിരുത്തിയതിന്റെ ചിത്രങ്ങളും കോണ്‍ഗ്രസ് നേതാവ് ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

Also Read: കെ കെ ബാലകൃഷ്ണന് ദേവസ്വം വകുപ്പ് തിരിച്ചുകിട്ടി, പിന്നേയും പോയി; വിക്കിപീഡിയ പേജില്‍ എഡിറ്റിങ്ങ് തുടരുന്നു

കെ കെ ബാലകൃഷ്ണന്‍ എന്ന ദേവസ്വം വകുപ്പ് മന്ത്രി

പണ്ട് കാലം മുതലേ ഒരു കള്ളം പറയാനും അത് ആവര്‍ത്തിച്ച് പറഞ്ഞ് സത്യമാണ് എന്നു വരുത്തി തീര്‍ക്കാനും കമ്യുണിസ്റ്റ് പാര്‍ട്ടി എടുക്കുന്ന ഗീബല്‍സ്യന്‍ തന്ത്രങ്ങള്‍ പ്രസക്തം ആണല്ലോ. ക്ഷേത്രപ്രവേശനവും മാറു മറയ്ക്കലും തുടങ്ങി ദളിത് വിഷയങ്ങള്‍ ഒന്നില്‍ പോലും ചെറുവിരല്‍ അനക്കാതെ ഗ്യാലറിയില്‍ ഇരുന്ന് കയ്യടിച്ച കമ്യുണിസ്റ്റ് നേതാക്കള്‍ പിന്നീട് നാടകങ്ങളിലൂടെയും സാഹിത്യ രചനകളിലൂടെയും കവല പ്രസംഗങ്ങളിലൂടെയും ഈ സമര നായകത്വം ഏറ്റെടുത്ത കാഴ്ച്ച നമ്മള്‍ നേരില്‍ കണ്ടതാണ്.

ഇപ്പോള്‍ പുതിയൊരു ‘വിപ്ലവ തീരുമാനം’ ചരിത്രത്തില്‍ ആദ്യമെന്ന തരത്തില്‍ അവതരിപ്പിക്കുകയാണ് സിപിഎം സൈബര്‍ ക്യാപ്‌സ്യൂള്‍ ഫാക്ടറി. കേരളത്തില്‍ ആദ്യമായി ഒരു ദളിത് ദേവസ്വം മന്ത്രി വരാന്‍ പോകുന്നത്രെ. എന്നാല്‍ ഒരു തിരുത്തുണ്ട് അത് ചരിത്രത്തില്‍ ആദ്യമല്ല. 1977 മാര്‍ച്ച് 25 ന് അധികാരത്തില്‍ വന്ന കെ കരുണാകരന്‍ മന്ത്രിസഭയിലും അദ്ദേഹം രാജി വെച്ചതിനെ തുടര്‍ന്ന് ഒരുമാസത്തിനു ശേഷം അധികാരത്തില്‍ വന്ന എ കെ ആന്റണി മന്ത്രി സഭയിലും ഹരിജനക്ഷേമ വകുപ്പ്, ജലസേചന വകുപ്പ്, ദേവസ്വം വകുപ്പ് എന്നിവ കൈകാര്യം ചെയ്തിരുന്നത് ചേലക്കര എംഎല്‍എ ആയിരുന്ന എന്റെ പിതാവ് കെ കെ ബാലകൃഷ്ണന്‍ ആയിരുന്നു. (ആ വിവരങ്ങള്‍ ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പ് വിക്കിപീഡിയയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു: ചിത്രം നോക്കുക).

അന്നത്തെ ദേവസ്വം മന്ത്രിയോട് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ ഉത്തരങ്ങളുടെ സഭാരേഖ ഇതോടൊപ്പം ചേര്‍ക്കുന്നു. അതുകൊണ്ടു തന്നെ ആദ്യമായല്ല ഒരു പട്ടികജാതിക്കാരന്‍ ദേവസ്വം മന്ത്രി ആകുന്നത് എന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. അതിനു ശേഷം പി.കെ വാസുദേവന്‍ നായര്‍ മന്ത്രിസഭയില്‍ ദാമോദരന്‍ കാളാശ്ശേരിയും ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. (ആ വിവരങ്ങളും വിക്കിപീഡിയയില്‍ നിന്നും നിമിഷങ്ങള്‍ക്കു മുന്‍പ് നീക്കം ചെയ്തു.)

ഈ 21 അംഗ മന്ത്രിസഭയില്‍ ഒരേ ഒരു ദളിത് മന്ത്രി മാത്രമേ ഉള്ളു എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. സിപിഐഎം പോലെയുള്ള ഒരു പ്രസ്ഥാനം ചരിത്രത്തില്‍ ഇന്നേവരെ ഒരു ദളിതനെ പോളിറ്റ് ബ്യൂറോയില്‍ പോലും ഉള്‍പ്പെടുതിയിട്ടില്ല എന്നത് ചര്‍ച്ച ചെയ്യപ്പെടണം, ഇതുവരെ അധികാരത്തില്‍ വന്ന ഒരു സംസ്ഥാനങ്ങളിലും ഒരു ദളിത് മുഖ്യമന്ത്രിയോ ഒരു ദളിത് പാര്‍ട്ടി സെക്രട്ടറിയോ അവര്‍ക്ക് ഉണ്ടായിരുന്നില്ല എന്നത് ചര്‍ച്ച ചെയ്യപ്പെടണം.

ഇത് അഭിമാനിക്കാനുള്ള നിമിഷമല്ല പുനര്‍വിചിന്തനം നടത്തേണ്ട സമയമാണ്. ചരിത്രം തിരുത്തേണ്ടത് വിക്കിപീഡിയ പേജുകള്‍ തിരുത്തിയല്ല, ചരിത്രപരമായ തീരുമാനങ്ങള്‍ എടുത്തുകൊണ്ട് ആകണം. അതിന് സിപിഎമ്മിന് കഴിയും എന്ന് തോന്നുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം പൊടികൈകള്‍ കൊണ്ട് ആശ്വസിക്കാം. പുതിയ മന്ത്രിസഭക്കും മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ.കെ.രാധാകൃഷ്ണനും എല്ലാവിധ ആശംസകളും നേരുന്നു.”

Also Read: ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനല്ല; വെള്ള ഈച്ചരനും കെകെ ബാലകൃഷ്ണനും ദാമോദരന്‍ കാളാശ്ശേരിയും മുന്‍ഗാമികള്‍