കടല്‍ക്ഷോഭത്തിലും കൊവിഡിലും അവര്‍ വലയുകയാണ്; മത്സ്യത്തൊഴിലാളികള്‍ക്ക് ഉടന്‍ സഹായമെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട്‌ കെകെ രമ

കോഴിക്കോട്: ലോക്ഡൗണിലും കടല്‍ക്ഷോഭത്തിലും വലയുന്ന സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തിര സഹായമെത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആര്‍എംപിഐ നേതാവും നിയുക്ത എംഎല്‍എയുമായ കെകെ രമ. ലോക്ഡൗണിലും കടല്‍ക്ഷോഭത്തിലും മത്സ്യബന്ധന മേഖല നിശ്ചമായിരിക്കുകയാണ്. തൊഴിലാളികളുടെ ജീവിതം പരിതാപാവസ്ഥയിവുമാണ്. സര്‍ക്കാരിന്റെ സഹായ നിധിയില്‍നിന്ന് മെയ് മാസത്തെ ഗഡു ലഭിച്ചിട്ടില്ല. ഇത് എത്രയും വേഗം എത്തിക്കണമെന്നാണ് രമ ആവശ്യപ്പെട്ടിരിക്കുന്നത്.

സെപ്തംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള ആറ് മാസങ്ങളില്‍ 250 രൂപ വീതം മത്സ്യതൊഴിലാളികള്‍ നല്‍കുന്ന തുകയില്‍നിന്നാണ് മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ മൂന്ന് ഘഡുക്കളായി 1500 രൂപവീതം സര്‍ക്കാര്‍ നല്‍കുന്നത്. മെയ് മാസത്തെ ഗഡു ഇതുവരെ തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ലെന്നും നിലവിലത്തെ സാഹചര്യം മനസിലാക്കി എത്രയും വേഗം തൊഴിലാളികള്‍ക്ക് സഹായമെത്തിക്കണമെന്നുമാണ് മുഖ്യമന്ത്രിയോട് കെകെ രമ ആവശ്യപ്പെടുന്നത്.

പെട്ടന്നുണ്ടായ കടലാക്രമണം കാരണം മത്സ്യബന്ധന ഉപകരണങ്ങളും വലയും കേടുപാടുകളുണ്ടായ അവസ്ഥയിലാണെന്നും കെകെ രമ ചൂണ്ടിക്കാണിച്ചു. വടകരയില്‍ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ഇവര്‍ സന്ദര്‍ശനം നടത്തിയിരുന്നു.