ലക്ഷദ്വീപിനെ നോട്ടമിടുന്നതിന് പിന്നില്‍ മുസ്‌ലിം വിരുദ്ധതക്ക് പുറമേ മൂലധന താല്‍പര്യങ്ങളുമുണ്ടെന്ന് കെകെ രമ; ‘ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കരുത്’

കോഴിക്കോട്: ലക്ഷദ്വീപിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കരുതെന്ന് കെകെ രമ എംഎല്‍എ. ലക്ഷദ്വീപിനെ നോട്ടമിടുന്നതിന് പിന്നില്‍ മുസ്‌ലിം വിരുദ്ധതക്ക് പുറമേ മൂലധന താല്‍പര്യങ്ങളുമുണ്ടെന്നും കെകെ രമ പറഞ്ഞു.

കെകെ രമ പറഞ്ഞത്

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് അശാന്തവും അരക്ഷിതവുമാകുന്നതിന്റെ വാര്‍ത്തകള്‍ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളേയും ആശങ്കപ്പെടുത്തുകയാണ്. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പാട്ടീല്‍ വഴി ദ്വീപില്‍ അടിച്ചേല്‍പ്പിക്കുന്ന പുതിയ പരിഷ്‌കാരങ്ങള്‍ തികച്ചും മനുഷ്യത്വ വിരുദ്ധവും ജനാധിപത്യ വിരുദ്ധവും ലക്ഷദ്വീപ് സമൂഹത്തിന്റെ സൈ്വര്യജീവിതം തകര്‍ക്കാന്‍ ലക്ഷ്യം വെച്ചുള്ളതുമാണ്.
പുറമേക്ക് കാണുന്നതു പോലെ സംഘപരിവാറിന്റെ മുസ്ലീം വിരുദ്ധത മാത്രമല്ല ഇതിലുള്ളത് എന്നു വേണം മനസ്സിലാക്കാന്‍. തദ്ദേശീയ സംസ്‌കാരവും സുഘടിത ജനജീവിതവും തനത് തൊഴില്‍ മേഖലകളും തദ്ദേശീയ സമ്പത്തുല്‍പ്പാദന രംഗങ്ങളും തകര്‍ത്ത് ടൂറിസം കോര്‍പ്പറേറ്റുകള്‍ അടക്കമുള്ള സാമ്പത്തിക ശക്തികള്‍ക്ക് ലക്ഷദ്വീപ് വില്പനയ്ക്ക് വെക്കാനുള്ള മൂലധന താല്പര്യങ്ങള്‍ കൂടി ഉള്ളടങ്ങിയ കോര്‍പ്പറേറ്റ്-ഫാസിസ്റ്റ് സംയുക്ത അജണ്ടയാണ് ഇതിനു പിറകിലെന്ന് തീര്‍ച്ചയായും നാം തിരിച്ചറിയേണ്ടതുണ്ട്.
എല്ലാ ഫാസിസ്റ്റ് നീക്കങ്ങളും പോലെ മതവിദ്വേഷം ഒരു മാര്‍ഗ്ഗവും കൃത്യമായ മൂലധന ചൂഷണം അതിന്റെ ലക്ഷ്യവുമാണ് ലക്ഷദ്വീപിന്റെ കാര്യത്തിലും. ലക്ഷദ്വീപ് തീവ്രവാദത്തിന്റെയും കള്ളക്കടത്തിന്റെയും കേന്ദ്രമാണ് എന്ന സ്ഥിരം ഫാസിസ്റ്റ് നുണപ്രചാരണമുയര്‍ത്തിയാണ് നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഈ ജനവിരുദ്ധ പരിഷ്‌കാരങ്ങള്‍ക്ക് ന്യായികരണം ചമച്ചുകൊണ്ടിരിക്കുന്നത്.
അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളുടെ രീതിയും സ്വഭാവവും വിലയിരുത്താനും അവയില്‍ ഉള്ളടങ്ങിയ വിദ്വേഷ വിഷലിപ്ത രാഷ്ട്രീയവും ഫാസിസ്റ്റ് ലക്ഷ്യങ്ങളും കോര്‍പ്പറേറ്റ് അജണ്ടകളുമൊക്കെ തിരിച്ചറിയാനും നാം ആ പുതിയ പരിഷ്‌ക്കാരങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതിയാകും.
ബീഫ് അടക്കമുള്ള മാംസ ഭക്ഷണം പ്രധാനമായ ലക്ഷദ്വീപുകാരുടെ സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് നിലവിലുണ്ടായിരുന്ന മാംസ ഭക്ഷണം ഒഴിവാക്കി.

ഗോവധ നിരോധനം നടപ്പാക്കുന്നു. ഭക്ഷ്യാവശ്യങ്ങള്‍ക്കുള്ള മാംസത്തിനായി മൃഗങ്ങളെ അറുക്കാന്‍ ഭരണകൂടത്തിന്റെ അനുമതി വാങ്ങണം.
സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചു പൂട്ടി. സര്‍ക്കാര്‍ ഫാമിലെ പശുക്കളെ ലേലം ചെയ്ത് പകരം അമുലിന് പാല്‍/ പാലുല്പന്ന വിപണി തുറന്നു കൊടുക്കുന്നു.
തീരദേശ സംരക്ഷണ നിയമത്തിന്റെ മറവില്‍ മത്സ്യബന്ധനോപകരണങ്ങള്‍ സൂക്ഷിക്കുന്ന ഷെഡുകള്‍ അടക്കമുള്ളവയെല്ലാം പൊളിച്ചുമാറ്റി.
ടൂറിസം വകുപ്പില്‍ നിന്ന് കാരണമില്ലാതെ ദ്വീപ് നിവാസികളായ ജീവനക്കാരെ പിരിച്ചുവിട്ടു.
സര്‍ക്കാര്‍ ജീവനക്കാരില്‍ തദ്ദേശീയരായ താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കുന്നു.
അംഗനവാടികള്‍ അടച്ചുപൂട്ടുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് 2 മക്കളില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ലെന്ന നിബന്ധന വച്ചു
പൗരത്വ നിയമത്തിനെതിരെ ലക്ഷദീപില്‍ സ്ഥാപിച്ചിരുന്ന പോസ്റ്ററുകള്‍ മുഴുവന്‍ എടുത്തു മാറ്റിയ ഭരണക്കാര്‍ ഇന്ത്യയില്‍ മറ്റെല്ലായിടത്തും പൗര സമൂഹത്തിനുളള ഭരണഘടനാ ദത്തമായ അഭിപ്രായസ്വാതന്ത്ര്യം പോലും ലക്ഷദ്വീപില്‍ നിഷേധിക്കുന്നു.
ഒരൊറ്റ കുറ്റവാളി പോലുമില്ലാതെ ജയിലുകളും പോലീസ് സ്റ്റേഷനുകളുമെല്ലാം ഒഴിഞ്ഞുകിടക്കുന്ന മാതൃകാ പ്രദേശമായ ലക്ഷദ്വീപില്‍ അനാവശ്യമായി ഗുണ്ടാ ആക്ട് നടപ്പിലാക്കി. പ്രതിഷേധങ്ങളെ ഈ നിയമമുപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കമാണിത്.
ചരിത്രപരമായിത്തന്നെ ലക്ഷദ്വീപിന് ഏറ്റവുമധികം ബന്ധമുണ്ടായിരുന്ന കേരളത്തിലെ ബേപ്പൂര്‍ തുറമുഖവുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കുകയാണ്. ഇനി മുതല്‍ ചരക്കുനീക്കവും മറ്റും മംഗലാപുരം തുറമുഖം വഴി മതിയെന്ന് തീരുമാനിച്ചിരിക്കുന്നു.
ഭരണനിര്‍വ്വഹണ സംവിധാനങ്ങളില്‍ നിന്ന് ദ്വീപ് നിവാസികളെ തുടച്ചുനീക്കി കൊണ്ടുള്ള ഈ ഏകാധിപത്യനീക്കങ്ങള്‍ക്ക് എന്താണ് തീവ്രവാദവും കള്ളക്കടത്തുമായുള്ള ബന്ധമെന്ന് വസ്തുതാപരമായ ഒരു വിശദീകരണവും ഭരണക്കാര്‍ നല്‍കുന്നുമില്ല.
ഗോത്ര ജനതയുടെ സംസ്‌കാരവും സൈ്വര്യ ജീവിതവും സംരക്ഷിക്കാനുള്ള ഭരണഘടനാ ബാദ്ധ്യതയും നിയമപരമായ ഉത്തരവാദിത്തവും കാറ്റില്‍ പറത്തിയാണ് ഭരണകൂടത്തിന്റെ ഇത്തരം അധിനിവേശങ്ങളെന്ന് ഓരോ ജനാധിപത്യവിശ്വാസിയും തിരിച്ചറിയേണ്ടതുണ്ട്.
കേവലം കുത്തകകളുടെ കച്ചവട താല്പര്യങ്ങളുടെ കളിപ്പാവയായി നിന്ന് ഈ രാജ്യത്തിന്റെ മതേതര പാരമ്പര്യവും പാവപ്പെട്ട മനുഷ്യരുടെ സൈ്വര്യജീവിതവും തനത് സാംസ്‌കാരിക പാരമ്പര്യവും തകര്‍ക്കുന്ന ഇത്തരം നീക്കങ്ങളില്‍ നിന്ന് തീര്‍ച്ചയിയും കേന്ദ്രസര്‍ക്കാര്‍ പിന്തിരിഞ്ഞേതീരൂ. ലക്ഷദ്വീപിനെ തകര്‍ക്കാനുളള
കേന്ദ്രസര്‍ക്കാരിന്റെയും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെയും നീക്കങ്ങള്‍ക്കെതിരെ രാജ്യത്തെ മുഴുവന്‍ മതേതര ജനാധിപത്യ ദേശാഭിമാന ശക്തികളുടേയും മുന്‍കൈയ്യില്‍ ഉജ്വലമായ മുന്നേറ്റങ്ങളുടെയും പ്രക്ഷോഭമുന്നേറ്റങ്ങള്‍ ഉയര്‍ന്നുവരിക തന്നെ വേണം.
ലക്ഷദ്വീപ് നിവാസികളെ ഒറ്റപ്പെടുത്തി വേട്ടയാടി തകര്‍ക്കാന്‍ നാം അനുവദിച്ചുകൂടാ.