‘പ്രിയപ്പെട്ട ഐഷ സുല്‍ത്താന, നിനക്ക് ഹൃദയത്താല്‍ അഭിവാദനം’; രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടക്കാനുള്ള ഭരണകൂട നടപടിക്കെതിരെ കടുത്ത പ്രതിഷേധമെന്ന് കെകെ രമ

കോഴിക്കോട്: ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ ഐഷാ സുല്‍ത്താനയെ രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടക്കാനുള്ള ഭരണകൂട നടപടിക്കെതിരെ കടുത്ത പ്രതിഷേധമുണ്ടെന്ന്് കെകെ രമ എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് കെകെ രമയുടെ പ്രതികരണം.

ചാനല്‍ ചര്‍ച്ചക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ഐഷ സുല്‍ത്താന നടത്തിയ പരാമര്‍ശത്തിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ പരാതി നല്‍കിയിരുന്നു. പ്രഫുല്‍ പട്ടേലിനെ ബയോവെപ്പണ്‍ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി.

കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിനാണ് കേസെടുത്തത്. 124എ, 153 ബി എന്നീ വകുപ്പുകളാണ്് ചുമത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കെകെ രമ ഐഷ സുല്‍ത്താനക്ക് ഐക്യദ്ധാര്‍ഡ്യം പ്രഖ്യാപിച്ചിരിക്കുന്നത്.

കെകെ രമ പറഞ്ഞതിങ്ങനെ

ഐഷാ സുല്‍ത്താനാ
സമരൈക്യദാര്‍ഢ്യം.
തുറുങ്കുകള്‍ക്കും തുടലുകള്‍ക്കും തുപ്പാക്കികള്‍ക്കും തൂക്കുകയറുകള്‍ക്കും തോറ്റുകൊടുക്കാത്തവരുടെ സ്വാതന്ത്ര്യദാഹത്തിന് ചരിത്രം നല്‍കിയ പേരാകുന്നു ഇന്ത്യ.

പ്രിയ ഐഷാ സുല്‍ത്താനാ.,
നീ ആ ദേശാഭിമാന ഭാരതത്തിന്റെ ധീരപുത്രിയാവുന്നു., ഇന്ത്യയ്ക്കായി പൊരുതിമരിച്ചവരുടെ നേരവകാശിയാവുന്നു.,
ഐഷാ സുല്‍ത്താനാ., ഭരണകൂടത്തിന്റെ അധികാര ദുഃശ്ശാസനകള്‍ ഇന്ത്യയെന്ന രാഷ്ട്രീയനന്മയെ വിഴുങ്ങാനൊരുങ്ങവെ പ്രാണന്‍ കൊണ്ട് പൊരുതാനിറങ്ങിയ പ്രിയപ്പെട്ടവളേ, നിനക്ക് ഹൃദയത്താല്‍ അഭിവാദനം.
തടവറകള്‍ക്ക് നിശ്ശബ്ദമാക്കാനാവാത്ത ധീരശബ്ദങ്ങളുണ്ടെന്ന്, അധികാര ധിക്കാരങ്ങള്‍ക്ക് മുന്നില്‍ മുട്ടിലിഴയാത്ത രാഷ്ട്രീയ നിശ്ചയങ്ങളുണ്ടെന്ന് ചരിത്രബോധമില്ലാത്ത അധികാരികള്‍ നിന്നിലൂടെ അറിയുക തന്നെ ചെയ്യും.
ഫാസിസ്റ്റ് അധികാര പ്രമത്തതയുടെ കടലില്‍ നന്മകളുടെ ദ്വീപുകളെ മുക്കിക്കൊല്ലാന്‍ നാം അനുവദിക്കില്ലെന്ന് ഓരോ ദേശാഭിമാനിയും ഉറക്കെ പറയേണ്ട സമയമാണിത്. ഐഷാ സുല്‍ത്താനയെ രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടക്കാനുള്ള ഭരണകൂട നടപടിക്കെതിരെ കടുത്ത പ്രതിഷേധം.
ഐഷാ സുല്‍ത്താനയ്ക്ക് ഐക്യദാര്‍ഢ്യം.
കെ.കെ രമ