‘കൊവിഡ് മരണസംഖ്യയിലെ അവ്യക്തത പരിശോധിക്കപ്പെടണം’; സര്‍ക്കാരിനെ കടന്നാക്രമിച്ച് കെ കെ രമ; ‘20,000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന കെ റെയില്‍ ആര്‍ക്ക് വേണ്ടി?’

നിയമസഭയില്‍ സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ച് ആര്‍എംപി എംഎല്‍എ കെ കെ രമ. ഈ സര്‍ക്കാരിന്റെ വികസന നയം ആളുകളെ പുറന്തള്ളുകയും ഇരകളെ സൃഷ്ടക്കുകയും ചെയ്യുന്നതാണെന്ന് ആര്‍എംഎപി നേതാവ് പറഞ്ഞു. ഞങ്ങള്‍ നവ ഉദാര മൂലധന നയത്തിന്റെ വിശ്വസ്തരായ നടത്തിപ്പുകാരാണെന്ന കാര്യം ഈ സര്‍ക്കാര്‍ ലജ്ജയില്ലാതെ പറയുകയാണ്. കെ റെയില്‍ പോലുള്ള പദ്ധതി ആയിരക്കണക്കിന് മനുഷ്യരെ പുറന്തള്ളുന്നതാണ്. 20,000ത്തിലധികം കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ഈ പദ്ധതി ആര്‍ക്ക് വേണ്ടിയാണെന്നും വടകര എംഎല്‍എ ചോദിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് രമയുടെ പ്രതികരണം.

കേരളത്തിലെ കൊവിഡ് മരണസംഖ്യയിലെ അവ്യക്തത പരിശോധിക്കപ്പെടണം. കണക്കുകള്‍ കുറച്ച് കാണിച്ച് സാധാരണക്കാരന് ലഭ്യമാകേണ്ട ആനുകൂല്യങ്ങള്‍ അപ്രാപ്യമാക്കുകയാണ് സര്‍ക്കാര്‍.

കെ കെ രമ

പഞ്ചായത്തുകള്‍ ഫണ്ടിന്റെ അഭാവം നേരിടുന്നുണ്ട്. ലോക് ഡൗണ്‍ കിറ്റ് വിതരണവും വൊളണ്ടിയര്‍മാരെ വെച്ചുള്ള സേവനവും രാഷ്ട്രീയവല്‍കരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ മദ്യവര്‍ജ്ജന നയം പരിഹാസ്യമാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി.

ലക്ഷദ്വീപ് വിഷയത്തിലെ പ്രമേയത്തില്‍ ഏറെ അഭിമാനമുണ്ടെന്ന് രമ പറഞ്ഞു. എന്നാല്‍ നിര്‍ഭയമായും സ്വതന്ത്രമായും വ്യത്യസ്ത അഭിപ്രായങ്ങള്‍ സഹിഷ്ണുതയോടെ പുലര്‍ത്താന്‍ നമ്മുടെ സംസ്ഥാനത്തെ ഓരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ട്. അപ്പോള്‍ മാത്രമേ ഇത്തരം ഇടപെടലുകള്‍ ആത്മാര്‍ത്ഥവും അര്‍ത്ഥപൂര്‍ണവുമാകൂ.

സഭയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച നയപ്രഖ്യാപനം ഒട്ടും പുതിയതല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയാണിതെന്നാണ് ഭരണപക്ഷം പറയുന്നത്. കഴിഞ്ഞ സര്‍ക്കാരിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ പ്രതിപക്ഷവും പൊതുസമൂഹവും ഉയര്‍ത്തിയിരുന്നു. അക്കാര്യങ്ങളില്‍ ഈ സര്‍ക്കാരിന്റെ നയം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ ആഭ്യന്തര നയം പരാജയമായിരുന്നു. അപമാനകരമായ സംഭവങ്ങളുടെ ഷോഷയാത്രയാണുണ്ടായത്. കസ്റ്റഡി കൊലപാതകങ്ങളും വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തി ഇരകളെയുണ്ടാക്കിയതും പിഞ്ചുകുഞ്ഞുങ്ങള്‍ വരെ പീഡിപ്പിക്കപ്പെട്ട സംഭവങ്ങളും അട്ടിമറിക്കപ്പെട്ടു. യുഎപിഎ ചുമത്തി ചെറുപ്പക്കാരെ ജയിലിലടച്ചു. ഈ സര്‍ക്കാരും അതേ പൊലീസ് നയമാണോ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണം.

കിഫ്ബി കേരളത്തെ വലിയ കടക്കെണിയിലേക്ക് തള്ളുന്നതാണ്. കിഫ്ബിയൊരു വായ്പാ കെണിയാണെന്ന കാര്യം തുറന്നുപറയാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വഞ്ചനാപരമാണ് ഈ നയപ്രഖ്യാപനം. സാധാരണ ജനത്തിന്റെ ദുരിതങ്ങള്‍ക്ക് മുഖം കൊടുക്കാത്ത സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തോട് യോജിക്കാനാകില്ലെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.