വടകരയില്‍ കെകെ രമ തന്നെ വേണമെന്ന യുഡിഎഫ് ശാഠ്യം ഫലം കണ്ടു; ചെങ്കോട്ടയില്‍ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നില്‍

കോഴിക്കോട്: വടകര നിയോജക മണ്ഡലത്തില്‍ കെകെ രമ ആര്‍എംപിഐ സ്ഥാനാര്‍ത്ഥി ആവുകയാണെങ്കില്‍ മാത്രം പിന്തുണ എന്ന യുഡിഎഫ്
ശാഠ്യം വിജയം കണ്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രന് മേലാണ് കെകെ രമ വിജയം ഉറപ്പ് വരുത്തിയത്

കഴിഞ്ഞ തവണ ഒറ്റക്ക് മത്സരിച്ച് കെകെ രമ 20000ത്തോളം വോട്ടുകള്‍ നേടിയിരുന്നു. ഇൗ വോട്ടുകളുടെ കൂടെ യുഡിഎഫ് വോട്ടുകള്‍ കൂടി ചേര്‍ന്നാല്‍ ടിപി ചന്ദ്രശേഖരന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന വടകരയില്‍ ജയിച്ചുവരാമെന്ന് വടകരയിലെ യുഡിഎഫ് നേതൃത്വം വിലയിരുത്തുകയും സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയുമായിരുന്നു.

നേരത്തെ യുഡിഎഫിന് വേണ്ടി മത്സരിച്ച എല്‍ജെഡി എല്‍ഡിഎഫ് പക്ഷത്തേക്ക് മാറിയതോടെ കോണ്‍ഗ്രസിന് സീറ്റ് ഏറ്റെടുക്കാവുന്ന അവസ്ഥ മണ്ഡലത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്് മത്സരിച്ചാല്‍ തന്നെ മണ്ഡലത്തില്‍ വിജയിച്ചു കയറാവുന്ന സ്ഥാനാര്‍ത്ഥി ഇല്ലെന്ന് സംസ്ഥാന നേതൃത്വത്തിനും അറിയാമായിരുന്നു. അത് കൊണ്ട് തന്നെ രമ എന്ന പേരിലേക്ക് കോണ്‍ഗ്രസ് എത്തി. മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ആദ്യം വാദിച്ചെങ്കിലും രമേശ് ചെന്നിത്തല ആ സാധ്യത ഇല്ലാതാക്കി രമയ്ക്ക് വേണ്ടി തന്നെ ഉറച്ചു നിന്നു.

ആദ്യം സംസ്ഥാന സെക്രട്ടറി എന്‍ വേണുവിന്റെ പേരാണ് ആര്‍എംപി വടകരയിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ രമ മത്സരിക്കുകയാണെങ്കില്‍ മാത്രമേ യുഡിഎഫ് പിന്തുണയുള്ളൂ എന്ന ശക്തമായ നിലപാട് യുഡിഎഫ് സ്വീകരിച്ചതോടെയാണ് രമ തന്നെ മത്സരിക്കാനെത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒഞ്ചിയം ഏരിയയിലെ നാല് പഞ്ചായത്തുകളില്‍ ആര്‍എംപിയും യുഡിഎഫും ഒരുമിച്ച് ചേര്‍ന്ന് ജനമുന്നണി എന്ന പേരില്‍ മത്സരിച്ചിരുന്നു. ഇതില്‍ മൂന്ന് പഞ്ചായത്തുകളിലും വിജയിച്ചിരുന്നു. ഇതോടെ ആര്‍എംപിയും യുഡിഎഫ് സംവിധാനവും തമ്മില്‍ മികച്ച ബന്ധം രൂപപ്പെട്ടിരുന്നു. രമയെ മത്സരിപ്പിക്കുന്നതിന് വേണ്ടി പാറക്കല്‍ അബ്ദുള്ള എംഎല്‍എയും കോണ്‍ഗ്രസ് നേതാവ് അഡ്വ പ്രവീണ്‍ കുമാറും കരുക്കള്‍ നീക്കിയിരുന്നു. ആ നീക്കം വിജയം കണ്ടിരിക്കുകയാണ്.

അതേ സമയം കഴിഞ്ഞ തവണ യുഡിഎഫ് പക്ഷത്ത് മത്സരിച്ച മനയത്ത് ചന്ദ്രനാണ് എല്‍ഡിഎഫിന് വേണ്ടി മത്സരിച്ചത്. എല്‍ജെഡി വോട്ടുകള്‍ തങ്ങളുടെ പക്ഷത്തേക്ക് വന്നതോടെ വടകരയില്‍ ഇക്കുറിയും വിജയിക്കാമെന്നാണ് എല്‍ഡിഎഫ് കണക്കൂക്കൂട്ടിയത്. എന്നാല്‍ ആ ധാരണ തെറ്റുകയായിരുന്നു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും എല്‍ഡിഎഫ് മുന്നിലേക്ക് വന്നതേയില്ല. നിയമസഭയില്‍ ടിപി ചന്ദ്രശേഖരന്റെ ശബ്ദം മുഴങ്ങുമെന്നാണ് കെകെ രമ തന്റെ വിജയത്തില്‍ പ്രതികരിച്ചത്. വരുന്ന മെയ് 4ന് ടിപി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനത്തില്‍ കെകെ രമ പങ്കെടുക്കുന്നത് ടിപിയുടെ പ്രധാന പ്രവര്‍ത്തന മേഖലയായ വടകരയുടെ എംഎല്‍എയായിട്ടായിരിക്കും.