കെഎല്‍എഫ് ഇത്തവണ മെയ് 28 മുതല്‍ ഓണ്‍ലൈനായി; തുടക്കം പലസ്തീന്‍, ലക്ഷദ്വീപ് കവിതകളോടെ

കോട്ടയം: ഡിസി കിഴക്കെമുറി ഫൌണ്ടേഷനും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഇ പതിപ്പിന് മെയ് 28ന് തുടക്കമാകും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മെയ് 28ന് രാവിലെ പത്തുമണിക്ക് ഇ-കെഎല്‍എഫ് ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ സച്ചിദാനന്ദന്റെ എഴുപത്തഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാവ്യോത്സവം പലസ്തീന്‍ കവി അസ്മ അസെ, ലക്ഷദ്വീപ് കവി ഇസ്മത്ത് ഹുസൈന്‍ എന്നിവരുടെ കവിതയോടെ ആരംഭിക്കും. വൈകീട്ട് എഴുവരെയാണ് കാവ്യോത്സവം.

സ്വാഗതസംഘം ചെയര്‍മാന്‍ എ പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിക്കും. രവി ഡിസി, ജനറല്‍ കണ്‍വീനര്‍ എകെ അബ്ദുല്‍ ഹക്കീം എന്നിവര്‍ പങ്കെടുക്കും. കവിതയിലെ കാലമുദ്രകള്‍ എന്ന വിഷയത്തില്‍ സച്ചിദാനന്ദനുമായി ഡോ പി സുരേഷ് നടത്തുന്ന സംവാദത്തോടെ ഇ-കെഎല്‍എഫ് പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് അന്താരാഷ്ട്ര കാവ്യോത്സവം നടക്കും.

അന്താരാഷ്ട്ര കാവ്യോത്സവത്തില്‍ ഫലസ്തീന്‍, ഇസ്രായേല്‍, ദക്ഷിണാഫ്രിക്ക, ഇറ്റലി, അമേരിക്ക, അയര്‍ലണ്ട് തുടങ്ങി ഒന്‍പതുരാജ്യങ്ങളില്‍ നിന്നുള്ള കവികളോടൊപ്പം തസ്ലീമ നസ്രീന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സല്‍മ, കെ ജി ശങ്കരപ്പിള്ള, ചന്ദ്രകാന്ത് പാട്ടില്‍, കുട്ടിരേവതി, നിഷി ചൌള, പി പി രാമചന്ദ്രന്‍, റഫീക്ക് അഹമ്മദ് തുടങ്ങി അമ്പതിലേറേ കവികള്‍ പങ്കെടുക്കുന്നു.

Also Read: സലിംകുമാര്‍ ‘കമ്മ്യൂണിസ്റ്റ്’ എന്ന വാക്ക് മനപ്പൂര്‍വ്വം ഒഴിവാക്കിയതോ?; ഏതാണ് ‘ഒറിജിനല്‍’ നീമൊളര്‍ കവിത?

ഇ-കെഎല്‍എഫിന്റെ ഭാഗമായി 2021 ജൂണ്‍ മുതല്‍ 2022 ജനുവരിയില്‍ കോഴിക്കോട് കടപ്പുറത്തു നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍വരെയുള്ള മാസങ്ങളില്‍ ഇന്ത്യയിലും വിദേശത്തുമുള്ള എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങളും പ്രഭാഷണങ്ങളും നടക്കും.

നേരിട്ട് എത്താന്‍ കഴിയാത്ത പല ദേശങ്ങളില്‍ നിന്നുള്ള പ്രമുഖരെ ഇ-കെഎല്‍എഫില്‍ പങ്കെടുപ്പിക്കാന്‍ കഴിയുമെന്നതും വിവിധ ദേശങ്ങളില്‍ കഴിയുന്ന ആളുകള്‍ക്ക് പരിപാടികളില്‍ പങ്കാളികളാകാന്‍ അവസരം ലഭിക്കുമെന്നതും ഇ-കെഎല്‍എഫിനെ ശ്രദ്ധേയമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഡിസി ബുക്‌സിന്റെ യൂട്യൂബ്, ഫേസ്ബുക്ക് പേജിലൂടെ ഇ-കെഎല്‍എഫ് കാണുകയും പങ്കാളികളാകുകയും ചെയ്യാം.