കെഎസ്‌യു സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചു വിടണമെന്ന് കെഎം അഭിജിത്ത്; ‘രാജിവെച്ച് സമ്മര്‍ദ്ദത്തിലാക്കില്ല’

കോഴിക്കോട്: കെഎസ്‌യു സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചു വിടണമെന്ന് സംസ്ഥാനാധ്യക്ഷന്‍ കെഎം അഭിജിത്ത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കെഎസ്‌യു പുനസംഘടന അനിവാര്യമാണ്. കാലാവധി കഴിഞ്ഞ കമ്മിറ്റി പിരിച്ചുവിടണമെന്നുമാണ എന്‍എസ്‌യു നേതൃത്വത്തിന് അയച്ച കത്തില്‍ അഭിജിത്ത് വ്യക്തമാക്കിയിരിക്കുന്നത്.

സാധാരണ രണ്ട് വര്‍ഷം കൂടുമ്പോഴാണ് തെരഞ്ഞെടുപ്പിലൂടെ കമ്മിറ്റി രൂപീകരിക്കുന്നത്. 2017ലാണ് ഇപ്പോഴുള്ള കമ്മിറ്റി നിലവില്‍ വന്നത്. നാല് വര്‍ഷത്തോളമായി ഈ കമ്മിറ്റി തുടരുകയാണ്. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നീണ്ടുപോയത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെങ്കില്‍ പോഷക സംഘടനകളെക്കൂടി ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിന്റെ ഭാഗമായുള്ള പുനഃസംഘടന അനിവാര്യമാണെന്നാണ് അഭിജിത്ത് കത്തില്‍ അറിയിച്ചിരിക്കുന്നത്.

‘തെരഞ്ഞെടുപ്പില്‍ ചരിത്ര പരാജയമാണ് കോണ്‍ഗ്രസിനും യുഡിഎഫിനും ഉണ്ടായിരിക്കുന്നത്. നേതൃത്വത്തിന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് അത്യാവശ്യമാണ്. വിദ്യാര്‍ത്ഥി സംഘടന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കീഴിലായതിനാല്‍ത്തന്നെ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ സംഘടന ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായി കെഎസ്യുവിന്റെ സംസ്ഥാന, ജില്ലാ കമ്മിറ്റികളുടെ പുനസംഘടന ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്,’ അഭിജിത്ത് ചൂണ്ടിക്കാട്ടി.

നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ രാജിയിലൂടെ ദേശീയ, സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട എന്നാണ് തീരുമാനം. അതിനാല്‍ അടിയന്തരമായി ഇടപെട്ട് കെഎസ്യു പുനസംഘടിപ്പിക്കണമെന്നും കെഎം അഭിജിത്ത് ആവശ്യപ്പെട്ടു.