തിരുവനന്തപുരം: കേന്ദ്രം ഇന്ധനനികുതി കുറച്ചതനുസരിച്ച് കേരളത്തിലും നികുതിയിളവുണ്ടായിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. യുഡിഎഫ് സര്‍ക്കാര്‍ 13 തവണ നികുതി കൂട്ടിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആറുവര്‍ഷം നികുതി കൂട്ടിയതേയില്ല. മറിച്ചുള്ള ബിജെപി പ്രചാരണത്തിന് കെപിസിസി അധ്യക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്രം ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജ് ഭരണഘടനാ ലംഘനമാണെന്നും കുറയ്ക്കാന്‍ തയ്യാറാവണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രം അനിയന്ത്രിതമായി സ്പെഷ്യല്‍ എക്സൈസ് തീരുവ കൂട്ടിയതാണ് വില കൂടാനുള്ള പ്രധാന കാരണം. ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും കേന്ദ്രം തീരുവ ഉയര്‍ത്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കൊവിഡിന്റെ സമയത്ത് പല സംസ്ഥാനങ്ങളും ഇന്ധനനികുതി വര്‍ധിപ്പിക്കുകയും സെസ് ഏര്‍പ്പെടുത്തുകയുമുണ്ടായി. എന്നാല്‍, കേരളം അത്തരം നീക്കങ്ങളിലേക്കൊന്നും കടന്നിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രം സംസ്ഥാനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ധനവിലയുടെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പുകളിലേറ്റ പരാജയമാണ് ഇപ്പോഴത്തെ നികുതി കുറച്ചതിന് പിന്നിലെന്നും അദ്ദേഹം വിമര്‍ശിച്ചു. കൊവിഡ് കാലത്ത് സംസ്ഥാനം ജനങ്ങള്‍ക്കായി നിരവധി പാക്കേജുകള്‍ അവതരിപ്പിച്ചിരുന്നു. അതിന് പുറമേ നിരവധി സാമൂഹിക സുരക്ഷാ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. അവയ്ക്കൊന്നും അര്‍ഹമായ വിഹിതം കേന്ദ്രത്തില്‍നിന്നും ലഭിക്കുന്നില്ല. കേന്ദ്രം സംസ്ഥാനങ്ങളെ പറ്റിക്കുകയും എണ്ണക്കമ്പനികളുടെ കോടിക്കണക്കിന് ലാഭം കൊയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ചെയ്യാനുള്ളത് ചെയ്തു, ഇനി കേരളം ചെയ്യണമെന്നാണ് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ പറഞ്ഞത്. ബിജെപിക്ക് സര്‍ട്ടിഫിക്കറ്റ് നല്കുകയാണോ കെപിസിസി അധ്യക്ഷന്‍ ചെയ്യേണ്ടതെന്നും ബാലഗോപാല്‍ ചോദിച്ചു. ഇന്ധന വില നിര്‍ണയാധികാരം കമ്പനികള്‍ക്ക് വിട്ടുനല്‍കിയത് യുപിഎ സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.