ബിജെപി അക്കൗണ്ട് പൂട്ടിച്ച ശിവന്‍കുട്ടി മന്ത്രിസഭയിലുണ്ടായേക്കും; ഉറപ്പാണ് എംവി ഗോവിന്ദനും ബാലഗോപാലും രാജീവും

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ പുതുമുഖ നിരയെ ആയിരിക്കും സിപിഐഎം ഉള്‍ക്കൊള്ളിക്കുക. നിലവിലെ മന്ത്രിസഭയിലെ അംഗമായിരുന്ന മേഴ്‌സിക്കുട്ടിയമ്മ പരാജയപ്പെട്ടിട്ടുള്ളൂവെങ്കിലും വിജയിച്ച മറ്റുള്ളവരെല്ലാം മന്ത്രിസഭയില്‍ ഉണ്ടാവണമെന്നില്ല. എം എം മണിക്കും ടിപി രാമകൃഷ്ണനും ആരോഗ്യ പ്രശ്‌നങ്ങളുണ്ട്.

പിണറായി വിജയനുള്‍പ്പെടെ 13 പേരായിരിക്കും സിപിഐഎമ്മില്‍ നിന്നായി മന്ത്രിസഭയിലുണ്ടാവുക. കെകെ ശൈലജ നിര്‍ബന്ധമായും മന്ത്രിസഭയിലുണ്ടാവും. കേന്ദ്ര കമ്മറ്റി അംഗങ്ങളായ എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍ എന്നിവരും ഉണ്ടാകും.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി രാജീവ്, കെഎന്‍ ബാലഗോപാല്‍ എന്നിവര്‍ മന്ത്രിമാരാകും. സംസ്ഥാന കമ്മറ്റി അംഗങ്ങളായ സിഎച്ച് കുഞ്ഞമ്പു, സജി ചെറിയാന്‍, വിഎന്‍ വാസവന്‍, എംബി രാജേഷ് എന്നിവരും മന്ത്രിമാരാവാന്‍ സാധ്യതയേറെയാണ്.

ശൈലജ ടീച്ചറെ കൂടാതെ വനിതകളില്‍ നിന്ന് വീണ ജോര്‍ജ്, കാനത്തില്‍ ജമീല എന്നിവരിലൊരാള്‍ കൂടി മന്ത്രിസഭയിലുണ്ടാവും. കെടി ജലീലിന്റെ പേരാണ് ഇപ്പോള്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് കേള്‍ക്കുന്നത്. വനിതാ സ്പീക്കര്‍ എന്ന ആലോചനയുണ്ടായാല്‍ വീണ ജോര്‍ജിനാണ് സാധ്യത.

പൊന്നാനിയില്‍ നിന്ന് വിജയിച്ച പി നന്ദകുമാറും മന്ത്രിസഭയിലിടം നേടിയേക്കാം. സിഐടിയു പ്രാതിനിധ്യം പരിഗണിച്ചാണിത്. പി മമ്മിക്കുട്ടിയുടെ പേരും പരിഗണനയിലുണ്ട്. താനൂരില്‍ നിന്ന് രണ്ടാം തവണയും വിജയിച്ച വി അബ്ദുറഹ്മാന്റെ പേരും മന്ത്രിസ്ഥാനത്തേക്ക് ഉയരുന്നുണ്ട്.