‘ഗുരുവായൂരില്‍ ബിജെപി, എസ്ഡിപിഐ വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചു’; തോല്‍വിയില്‍ പഴിചാരി കെഎന്‍എ ഖാദര്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ ബിജെപി വോട്ടുകള്‍ എല്‍ഡിഎഫന് മറിച്ചെന്ന ആരോപണവുമായി ഗുരുവായൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിംലീഗ് നേതാവുമായ കെഎന്‍എ ഖാദര്‍. ഗുരുവായൂരില്‍ ഉള്‍പ്പെടെ കേരളത്തില്‍ പലയിടത്തും ബിജെപി, എസ്ഡിപിഐ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചെന്നാണ് ആരോപണം.

‘ഗുരുവായൂരില്‍ ബിജെപി പിന്തുണച്ച സ്ഥാനാര്‍ത്ഥി ദിലീപ് നായര്‍ക്ക് ആറായിരം വോട്ടുകളാണ് ലഭിച്ചത്. എസ്ഡിപിഐക്ക് ഇവിടെ രണ്ടായിരത്തോളം വോട്ടുകളും ലഭിച്ചു. കഴിഞ്ഞ തവണ ബിജെപിക്ക് 25000ല്‍ അധികം വോട്ടുണ്ടായിരുന്ന മണ്ഡലമാണിത്. ഇത്തവണ അവരുടെ 19000 വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയി. എസ്ഡിപിഐ വോട്ടുകളും മറിഞ്ഞു’, കെഎന്‍എ ഖാദര്‍ പറയുന്നതിങ്ങനെ. കേരളത്തില്‍ മറ്റ് പലയിടത്തും സമാന പ്രവരണതയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

താഴേത്തട്ടുമുതല്‍ യുഡിഎഫിന് സംഘടനാ ദൗര്‍ബല്യമുണ്ടായെന്നും ഖാദര്‍ തുറന്നുസമ്മതിക്കുന്നു. കാര്യക്ഷമതയുടെ ടകാര്യത്തില്‍ മുന്നണി പിന്നോട്ടുപോയി. എല്ലായിരുന്നെങ്കില്‍ സ്ഥിതി മെച്ചപ്പെട്ടേനെ. ജനങ്ങള്‍ ചിലരെ ചിലപ്പോള്‍ ചെറിയ കാര്യങ്ങള്‍ക്കുപോലും വിജയിപ്പിക്കും. ഒരുപാട് വികസനങ്ങള്‍ ചെയ്ത സര്‍ക്കാരായിരുന്നു ഉമ്മന്‍ ചാണ്ടിയുടേതെങ്കിലും കഴിഞ്ഞ തവണ എല്‍ഡിഎഫ് അധികാരത്തിലേറി. ജനദ്രോഹ നയങ്ങള്‍ ചെയ്തിട്ടും കേന്ദ്രത്തില്‍ ബിജെപി ഭരണം തുടര്‍ന്നു. ജനങ്ങളുടെ ഉള്ളില്‍ എന്താണെന്ന് മനസിലാക്കാന്‍ നല്ല ഹോംവര്‍ക്ക് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യമുയര്‍ത്തുന്ന ബിജെപിക്ക് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി തകരണം എന്നതാണ് ലക്ഷ്യം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ സ്വാധീനമില്ലാത്തതിനാല്‍ കമ്മ്യൂണിസ്റ്റ് മുക്ത ഭാരതം അവരുടെ അജണ്ടയിലില്ല. കോണ്‍ഗ്രസിനെയും സഖ്യങ്ങളെയും തകര്‍ക്കാനായി സിപിഐഎമ്മും ബിജെപിയും ചില ധാരണകളുണ്ടാക്കി. അതാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്’, കെഎന്‍എ ഖാദര്‍ അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ ലീഗിന് പരിക്കേറ്റിട്ടുണ്ട്. യുഡിഎഫിനേറ്റ പ്രഹരത്തിന്റെ അനുരണങ്ങള്‍ ലീഗും അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.