‘പണം തിരികെ വേണം’; ഒരു കോടി രൂപയുടെ രേഖയുമായി ധര്‍മരാജന്‍ കോടതിയില്‍; ‘പണം കൊണ്ടുപോയത് ദില്ലിയില്‍ ബിസിനസ് വ്യാപിപ്പിക്കാന്‍’

കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണത്തിന്റെ ഉറവിടം കാണിച്ച് പരാതിക്കാരന്‍ കോടതിയില്‍. ഒരു കോടി രൂപയുടെ സ്രോതസ് തെളിയിക്കുന്ന രേഖകള്‍ ധര്‍മരാജന്‍ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ദില്ലിയില്‍ ബിസിനസ് വികസിപ്പിക്കാന്‍ വേണ്ടിയാണ് പണം കൊണ്ടുപോയതെന്നാണ് ഇയാളുടെ വാദം. പൊലീസ് അന്വേഷണസംഘം കണ്ടെത്തിയ പണം തിരികെ വേണമെന്ന് ധര്‍മരാജന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ഞാന്‍ ബിസിനസുകാരനാണ്. പണം ദില്ലിയില്‍ ബിസിനസ് വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കൊണ്ടുപോയതാണ്. തിരികെ വേണം.

ധര്‍മരാജന്‍

കൊടകരയിലെ കവര്‍ച്ചയ്ക്ക് ശേഷം 25 ലക്ഷം അപഹരിക്കപ്പെട്ടു എന്ന പരാതിയുമായാണ് ധര്‍മരാജന്‍ പൊലീസിനെ സമീപിച്ചത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ മൂന്നരക്കോടി രൂപ നഷ്ടപ്പെട്ടെന്ന് ഇയാള്‍ മൊഴി നല്‍കി. എന്നാല്‍ കവര്‍ച്ച ചെയ്യപ്പെട്ട പണത്തില്‍ 1.40 കോടി രൂപ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2.10 കോടി രൂപ കണ്ടെത്താനുള്ള അന്വേഷണം തുടരവെയാണ് ധര്‍മരാജന്റെ നീക്കം.

കവര്‍ച്ചയ്ക്ക് ശേഷം ധര്‍മ്മരാജന്‍ വിളിച്ച ഏഴ് ബിജെപി നേതാക്കളേക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പണം നഷ്ടപ്പെട്ട വിവരം ഉടനടി ബിജെപി നേതാക്കളെ അറിയിച്ചത് എന്തിനെന്ന് കണ്ടെത്താനുള്ള പൊലീസ് സംഘത്തിന്റെ നീക്കം നിര്‍ണായകമാകും.

സ്പിരിറ്റ് കടത്ത് കേസില്‍ പ്രതിയായ ധര്‍മരാജന്‍ ഏഴ് ദിവസം ജയിലില്‍ കിടന്നിട്ടുണ്ട്. പന്നിയങ്കര, സുല്‍ത്താന്‍ബത്തേരി സ്റ്റേഷനുകളില്‍ ധര്‍മ്മരാജനെതിരെ കേസുണ്ട്. സ്പിരിറ്റ് കടത്ത് കേസില്‍ ധര്‍മ്മരാജന്റെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇയാള്‍ ഉള്‍പ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.

കോന്നിയില്‍ വെച്ച് കെ സുരേന്ദ്രനും ധര്‍മ്മരാജനും കൂടിക്കാഴ്ച്ച നടത്തിയതിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചു. ഹരികൃഷ്ണന്റെ ഫോണില്‍ നിന്ന് ധര്‍മ്മരാജന് കോളുകള്‍ വന്നതായും പൊലീസ് കണ്ടെത്തി. മകന്റെ ഫോണില്‍ നിന്ന് സുരേന്ദ്രന്‍ ധര്‍മ്മരാജനെ വിളിച്ചതാണോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. മകനിലേക്ക് അന്വേഷണം എത്തില്ലെന്ന് കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു.