തിരുവനന്തപുരം: കൊടകര കുഴല്പണക്കേസില് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന് പാര്‍ട്ടിയുടെ പിന്തുണയെന്ന സൂചനയുമായി മുതിര്‍ന്ന നേതാക്കളെല്ലാം ഒരുമിച്ചെത്തി വാര്‍ത്താ സമ്മേളനം. കുമ്മനം രാജശേഖരന്, കൃഷ്ണദാസ്, വി മുരളീധരന് തുടങ്ങിയ നേതാക്കള്‍ സുരേന്ദ്രനൊപ്പമെത്തിയാണ് മാധ്യമങ്ങളെ കണ്ടത്. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തെങ്കിലും സുരേന്ദ്രന് നിശബ്ദനായി ഇരിക്കുകയായിരുന്നു.
കോണ്‍ഗ്രസും സിപിഐഎമ്മും ബിജെപിക്കെതിരെ ആരോപണങ്ങള്‍ സൃഷ്ടിക്കുകയാണ്. കൊടകര കുഴല്‍പ്പണക്കേസിലെ പ്രതികള്‍ക്ക് സിപിഐഎം-സിപിഐ ബന്ധമെന്നും വാര്‍ത്താ സമ്മേളനത്തില്‍ കുമ്മനം രാജശേഖരന് ആരോപിച്ചു.
‘കുറച്ചുനാളായി ബിജെപിയെ മാധ്യമങ്ങളും സിപിഐഎമ്മും വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ബിജെപിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്ന സിപിഐഎം നിലപാട് ഫാസിസമാണ്. കോണ്‍ഗ്രസും സിപിഎമ്മും ബിജെപിക്കെതിരെ ആരോപണങ്ങള്‍ സൃഷ്ടിക്കുകയാണ്. കൊടകര കുഴല്‍പ്പണക്കേസിലെ പ്രതികള്‍ക്ക് സിപിഐഎം-സിപിഐ ബന്ധമുണ്ട്. ഇത് മറച്ചുവച്ചാണ് പൊലീസ് അന്വേഷണം. പൊലീസ് അന്വേഷണം പക്ഷപാതപരമാണ്’, കുമ്മനം ആരോപിച്ചു.
ബിജെപിക്കെതിരെ പൊലീസിനെ ദുരുപയോഗിക്കുകയാണ്. കൊടകര കേസില്‍ ഒരു എംഎല്‍എയ്ക്കും എഐഎസ്എഫ് നേതാക്കള്‍ക്കും പങ്കുണ്ട്. ബിജെപിയെ കരിതേച്ച് ജനമധ്യത്തില്‍ ഒറ്റപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കോര്‍ കമ്മിറ്റി യോഗം സര്‍ക്കാര്‍ ഇടപെട്ട് വിലക്കിയെന്നും കുമ്മനം ആരോപിച്ചു. ഇത് കീഴ്്്വഴക്കങ്ങളുയും ഭരണഘടനാ അവകാശങ്ങളുടെയും ലംഘനമാണ്. ബിജെപിയോട് മാത്രമാണ് ഈ വിവേചനം. സുരേന്ദ്രനെ പരിഹാസ്യനാക്കാന്‍ ശ്രമം നടക്കുകയാണ്. നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് പാര്‍ട്ടിയെ ഛിന്നഭിന്നമാക്കാന്‍ അനുവദിക്കില്ല. നേതാക്കളെല്ലാം ഒറ്റക്കെട്ടാണ്, പാര്‍ട്ടിപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കുമ്മനം പറഞ്ഞു.
ബിജെപി കോര്‍ കമ്മറ്റി യോഗം ഹോട്ടലില്‍ നടത്തുന്നതിനെതിരെ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ലോക്ഡൗണ്‍ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസിന്റെ ഇടപെടല്‍. തുടര്‍ന്ന് യോഗം ബിജെപി എറണാകുളം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് ഇടപെടല്‍ സര്‍ക്കാര്‍ നിര്ദ്ദേശത്തോടെയാണെന്നാണ് കുമ്മനം രാജശേഖരന് ആരോപിക്കുന്നത്. ബിജെപിയെ സമാധാനപരമായി രാഷ്ട്രീയ പ്രവര്‍ത്തനം നടക്കാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിയുമായി ബന്ധപ്പെട്ടല്ല അന്വേഷണം നടക്കുന്നതെന്നും വാദിയുടെ ഫോണ്‍ കോള്‍ ലിസ്റ്റാണ് അന്വേഷണ സംഘം പരിശോധിക്കുന്നതെന്നും വി മുരളീധരന് ആരോപിച്ചു. എന്തുകൊണ്ടാണ് പ്രതിയുടെ കോള്‍ലിസ്റ്റ് പരിശോധിച്ച് പ്രതിയുമായി ബന്ധമുള്ള ആളുകളെ ചോദ്യം ചെയ്യാന്‍ വിളിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഇത് പ്രതികാര നടപടിയാണ്. ധര്മ്മരാജന് ബിജെപിക്കാരനാണ്. ധര്‍മ്മരാജന്റെ ഫോണില്‍ ബിജെപി നേതാക്കളുടെ നമ്പറുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.