കൊടകര കുഴല്‍പണക്കേസ്; ഒമ്പത് ലക്ഷം കണ്ടെടുത്തു; മൂന്നരക്കോടിയില്‍ ബിജെപി ജില്ലാ ട്രഷററെ ചോദ്യം ചെയ്യുന്നു

തൃശൂര്‍: ബിജെപി നേതാക്കളടക്കം പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കൊടകര കുഴല്‍പ്പണക്കേസിലെ ഒന്‍പത് ലക്ഷം രൂപ കണ്ടെടുത്തു. ആറാംപ്രതി മാര്‍ട്ടിന്റെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. വെള്ളങ്ങാല്ലൂരിലെ വീട്ടില്‍ മെറ്റലിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. പണം കവര്‍ന്ന ശേഷം കാറും സ്വര്‍ണവും പ്രതികള്‍ വാങ്ങിയതായും അന്വേഷണസംഘം അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. ആലപ്പുഴയിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. അന്വേഷണോദ്യോഗസ്ഥന്‍ എസിപി വികെ രാജുവാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുന്നത്. ആലപ്പുഴയിലെ പോലീസ് ട്രെയിനിങ് സെന്ററിലാണ് ചോദ്യംചെയ്യല്‍.

മൂന്നരക്കോടി രൂപ കര്‍ത്തയ്ക്ക് കൈമാറാനായാണ് കൊണ്ടുപോയതെന്ന് അറസ്റ്റിലായ പ്രതികളും വിവരം കൈമാറി ബിജെപി നേതാക്കളും മൊഴി നല്‍കിയിരുന്നു. പണം കൊടുത്തയച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മരാജനുമായി കര്‍ത്ത നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കവര്‍ച്ചനടന്ന ദിവസവും ഇരുവരും ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നാണ് പൊലീസ് ലഭിച്ചിരിക്കുന്ന വിവരം.

Also Read: ‘ഈ ഏകാധിപത്യ തീരുമാനങ്ങള്‍ ദ്വീപിനെ തകര്‍ക്കും’; ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയടക്കം രാജിവെച്ചു

ചോദ്യം ചെയ്യലിനായി അന്വേഷണസംഘം വിളിപ്പിച്ച ബിജെപി സംസ്ഥാന സെക്രട്ടറി ഗണേശ്, ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവര്‍ ഇതുവരെ ഹാജരായിട്ടില്ല. ഇവര്‍ എപ്പോള്‍ ഹാജരാകുമെന്ന വിവരവും അന്വേഷണസംഘത്തെ അറിയിച്ചിട്ടില്ല. രണ്ടുദിവസത്തിനകം ഹാജരാകണമെന്നും ഇല്ലെങ്കില്‍ നിയമ നടപടികളിലേക്ക് കടക്കുമെന്നും കാണിച്ച് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്.

Also Read: ഐടി നിയമത്തിനെതിരെ വാട്‌സ്ആപ് കോടതിയില്‍; ‘സ്വകാര്യതകളില്‍ കടന്നുകയറുന്നത് അംഗീകരിക്കാനാവില്ല’

ഏപ്രില്‍ മൂന്നിനാണ് മൂന്നര കോടിയോളം രൂപയും കാറും കൊടകരയില്‍വെച്ച് ഗുണ്ടാ സംഘം കവര്‍ച്ച ചെയ്തത്. 25 ലക്ഷം നഷ്ടപ്പെട്ടെന്നാണ് കോഴിക്കോട്ടെ വ്യവസായിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ധര്‍മരാജന്‍ ഡ്രൈവര്‍ ഷംജീര്‍ വഴി പൊലീസിന് പരാതി നല്‍കിയത്. തുക കണ്ടെത്താനും പണത്തിന്റെ ഉറവിടത്തെപ്പറ്റി വ്യക്തത വരുത്താനും കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ നടക്കുകയാണ്. കുഴല്‍പ്പണത്തിന്റെ ഉറവിടത്തെക്കുറിച്ചാണ് നിലവിലത്തെ അന്വേഷണം.