ന്യൂഡല്‍ഹി: ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനിലേക്ക് വരെയെത്തി നില്ക്കുന്ന കൊടകര കുഴപ്പണക്കേസില്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. കുഴല്‍പ്പണ ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഇ ശ്രീധരന്, മുന്‍ ഡിജിപി ജേക്കബ് തോമസ്, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് സിവി ആനന്ദബോസ് എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇടപെട്ട് നിയോഗിച്ച ഈ മൂന്നംഗ സമിതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നാണ് വിവരം.
കേരളത്തില്‍ സംഘടനാ ചുമതലയുള്ള നേതാക്കളെ ആരെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇ ശ്രീധരനും ജേക്കബ് തോമസും ആനന്ദ ബോസും നിലവില്‍ സംഘടനാ ചുമതലകളുള്ളവരല്ല. ഇവരുടെ റിപ്പോര്‍ട്ട് കുഴല്‍പണ ആരോപണത്തില്‍ മുങ്ങി നില്ക്കുന്ന സംസ്ഥാന നേതൃത്വത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കും.
ഈ കമ്മിറ്റിയോട് കേരളത്തില്‍ എന്താണ് നടന്നതെന്നതില്‍ വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത്. ഇവരില്‍ ചിലരെ അമിത് ഷാ നേരിട്ട് ബന്ധപ്പെടുകയും ചെയ്തെന്നാണ് വിവരം. മൂന്നുപേരുടെയും റിപ്പോര്‍ട്ടില്‍, തെരഞ്ഞെടുപ്പ് തോല്‍വിയിലേക്ക് നയിച്ച ഘടകങ്ങളും കാരണമായ പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളും വിശദീകരിച്ചിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാന നേതൃത്വത്തിനെതിരെ നേരത്തെ മുതിര്‍ന്ന നേതാക്കളടക്കം ഉന്നയിച്ച ആരോപണങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതായും സൂചനയുണ്ട്.
സംസ്ഥാനത്ത് ഒരു സീറ്റുപോലും ലഭിക്കാതിരുന്നിട്ടും തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ അന്തസത്തയെ ചോദ്യം ചെയ്യുന്ന തരത്തില്‍ ഒരു ആരോപണമുയര്‍ന്നത് ഗുരുതരമായാണ് കേന്ദ്രനേതൃത്വം വിലയിരുത്തുന്നത്. ദേശീയ തലത്തില്‍, മാധ്യമങ്ങളിലടക്കം കേരളത്തിലെ കുഴല്‍പ്പണ വിവാദം വലിയ ചര്‍ച്ചയാണ്. ഇത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ സാരമായി ബാധിക്കുമെന്നാണ് നേതാക്കളുടെ ആശങ്ക.