ധര്‍മ്മരാജന്‍ തൃശൂരെത്തിച്ചത് 9.80 കോടി, രണ്ടുകോടി സുരേഷ്‌ഗോപിയുടെ മണ്ഡലത്തിന്, കവര്‍ച്ച ബാക്കി പണവുമായി മടങ്ങവെ; കുഴല്‍പണ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തെന്ന് റിപ്പോര്‍ട്ട്. ഇടപാടുകാരനും കവര്‍ച്ചാ കേസിലെ പരാതിക്കാരനുമായ ധര്‍മ്മരാജന്‍ ഏകദേശം 9.80 കോടി രൂപ തൃശൂരില്‍ എത്തിച്ചതെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 6.30 കോടി രൂപ തൃശ്ശൂര്‍ ജില്ലയില്‍ ഏല്‍പിച്ചു. ബാക്കി തുകയുമായി എറണാകുളം ഭാഗത്തേക്ക് പോകുന്നതിനിടെ കൊടകരയില്‍ വെച്ച് കവര്‍ച്ച നടന്നെന്നുമാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ മാസം മൂന്നിനാണ് കവര്‍ച്ച നടക്കുന്നത്. ഏപ്രില്‍ രണ്ടിന് ധര്‍മരാജനും സംഘവും തൃശ്ശൂരിലെത്തി. ആ സമയം ധര്‍മ്മരാജന്റെ കൈവശം 9.80 കോടി രൂപയുണ്ടായിരുന്നു എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതില്‍ 6.30 കോടി തൃശ്ശൂരില്‍ നല്‍കുകയും ബാക്കി 3.50 കോടി രൂപയുമായി പോവുന്നതിനിടെ കവര്‍ച്ച നടന്നു.

6.30 കോടി തൃശ്ശൂര്‍ ജില്ലയ്ക്കും ഇതില്‍ രണ്ടു കോടി രൂപ തൃശ്ശൂര്‍ മണ്ഡലത്തിനും വേണ്ടി മാത്രം നല്‍കിയെന്നും ബാക്കി തുക ജില്ലയിലെ എ ക്ലാസ് മണ്ഡലങ്ങളിലേക്ക് വിഭജിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുഴല്‍പ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിന് പണം കണ്ടെത്തുന്നതിനു വേണ്ടി കുഴല്‍പ്പണ ഇടപാടുകാരെ ബിജെപി നേതൃത്വം ഏര്‍പ്പെടുത്തിയെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇക്കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്.

Also Read: കൊടകര കുഴല്‍പണക്കേസ്: അന്വേഷണം സുരേന്ദ്രന്റെ മകനിലേക്ക്, തെളിവുകള്‍ അന്വേഷണ സംഘത്തിന്, മൊഴിയെടുക്കും

ഇതിനിടെ, ധര്‍മ്മരാജനുമായി സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍ ബന്ധപ്പെട്ടതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് കോന്നിയില്‍വെച്ച് ഇരുവരും കൂടുക്കാഴ്ച നടത്തിയെന്നും നിരവധിത്തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. അന്വേഷണ സംഘം ഹരികൃഷ്ണന്റെ മൊഴിയെടുക്കും.