തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ബിജെപി നേതാക്കള്‍ ഇടപെട്ടതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കവര്‍ച്ചാ സംഘത്തിന് തൃശ്ശൂരില്‍ താമസത്തിന് മുറി ഒരുക്കിയത് ബിജെപി ജില്ലാ നേതൃത്വമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഏപ്രില്‍ 2 ന് വൈകിട്ട് 7 മണിയോടെയാണ് ഹോട്ടല്‍ നാഷണല്‍ ടൂറിസ്റ്റ് ഹോമില്‍ മുറി ബുക്ക് ചെയ്തത്. ഏപ്രില്‍ മൂന്നിനാണ് കവര്‍ച്ച നടന്നത്.
ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണെന്ന് പൊലീസിന് മൊഴി നല്കിയ ഹോട്ടല്‍ ജീവനക്കാരനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 2 ന് ഹോട്ടലിലെ 215, 216 നമ്പര്‍ മുറികളാണ് ബുക്ക് ചെയ്തത്. 215ല്‍ ധര്‍മ്മരാജനും 216ല്‍ ഷം ജീറും റഷീദും താമസിച്ചു. എര്‍ടിഗ കാറിലാണ് പണം കൊണ്ടുവന്നത്. ധര്മ്മരാജന് വന്നത് ക്രറ്റയില്‍ ആണെന്നും ജീവനക്കാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഹോട്ടല്‍ രേഖകളും സിസി ടിവി ദൃശ്യങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു.
ധര്‍മരാജിനേയും ഡ്രൈവര്‍ ഷംജീറിനേയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
കവര്‍ച്ച ചെയ്യപ്പെട്ട ഒന്‍പത് ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ആറാംപ്രതി മാര്‍ട്ടിന്റെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. വെള്ളങ്ങാല്ലൂരിലെ വീട്ടില്‍ മെറ്റലിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. പണം കവര്‍ന്ന ശേഷം കാറും സ്വര്‍ണവും പ്രതികള്‍ വാങ്ങിയതായും അന്വേഷണസംഘം അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്നരക്കോടി രൂപ കര്‍ത്തയ്ക്ക് കൈമാറാനായാണ് കൊണ്ടുപോയതെന്ന് അറസ്റ്റിലായ പ്രതികളും വിവരം കൈമാറി ബിജെപി നേതാക്കളും മൊഴി നല്‍കിയിരുന്നു. പണം കൊടുത്തയച്ച ആര്‍എസ്എസ് പ്രവര്ത്തകന് ധര്‍മരാജനുമായി കര്‍ത്ത നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഏപ്രില്‍ മൂന്നിനാണ് മൂന്നര കോടിയോളം രൂപയും കാറും കൊടകരയില്‍വെച്ച് ഗുണ്ടാ സംഘം കവര്‍ച്ച ചെയ്തത്. 25 ലക്ഷം നഷ്ടപ്പെട്ടെന്നാണ് കോഴിക്കോട്ടെ വ്യവസായിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ധര്മരാജന് ഡ്രൈവര്‍ ഷംജീര്‍ വഴി പൊലീസിന് പരാതി നല്‍കിയത്. തുക കണ്ടെത്താനും പണത്തിന്റെ ഉറവിടത്തെപ്പറ്റി വ്യക്തത വരുത്താനും കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ നടക്കുകയാണ്.