തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മൊഴിയെടുക്കാനൊരുങ്ങി പൊലീസ്. കേസില്‍ പിടിച്ചെടുത്ത പണവുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപി നിരന്തരം ആവര്‍ത്തിക്കവേയാണ് പൊലീസ് പുതിയ നീക്കത്തിനൊരുങ്ങുന്നത്.
പൊലീസ് ചോദ്യം ചെയ്ത തൃശ്ശൂര്‍ ജില്ലയിലെ നേതാക്കളുടെയും ആലപ്പുഴയിലെ ബിജെപി ജില്ല ട്രഷറര്‍ കെജി കര്‍ത്ത എന്ന നേതാവിന്റെയും മൊഴികള്‍ പൊരുത്തപ്പെടുന്നില്ല എന്ന വിലയിരുത്തലാണ് പൊലീസ്. കെജി കര്‍ത്ത ചോദ്യം ചെയ്യല്ലിന്റെ ഒരു ഘട്ടത്തില്‍ കൂടുതല്‍ കാര്യങ്ങളൊന്നും തനിക്കറിയില്ല, അക്കാര്യങ്ങളൊക്കെ കെ സുരേന്ദ്രനാണ് അറിയുക എന്ന തരത്തില്‍ മൊഴി നല്‍കിയെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് കെ സുരേന്ദ്രന്റെ മൊഴിയെടുക്കാനുള്ള തീരുമാനം.
സുരേന്ദ്രനെ കൂടാതെ മറ്റ് ബിജെപി നേതാക്കളെയും പൊലീസ് ചോദ്യം ചെയ്തേക്കും. കേസില്‍ ഉള്‍പ്പെട്ടവരില്‍ പലരെയും ബിജെപി നേതാക്കള്‍ തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇതെന്തിനാണെന്ന് ചോദിക്കാനാണ് പൊലീസിന്റെ നീക്കം.