കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എന്താണ് ഇത്ര ‘ചൊറിച്ചില്‍’ എന്ന് മനസിലാവുന്നില്ല; ലക്ഷദ്വീപിന് നേരെയുള്ള കയ്യേറ്റത്തെ എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: കേരളവുമായുള്ള ലക്ഷദ്വീപ് ജനതയുടെ ബന്ധം ഇല്ലാതാക്കാനാണ് രാഷ്ട്രീയ പ്രേരിതമായ ഇപ്പോഴത്തെ തീരുമാനമെന്ന് കൊടിക്കുന്നില് സുരേഷ് എംപി. എന്ത് വില കൊടുത്തും അതിനെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞതിങ്ങനെ

‘ജനങ്ങള്‍ സ്‌നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നത് കാണുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പി ക്കും എന്താണ് ഇത്ര ‘ചൊറിച്ചില്‍’ എന്ന് മനസിലാവുന്നില്ല.
ലക്ഷദ്വീപില്‍ ഗുജറാത്ത് മോഡല്‍ ഭരണം നടപ്പാക്കി ഒരു ജനതയുടെ സംസ്‌ക്കാരത്തെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നടപടികളില്‍ നിന്ന് അഡ്മിനിസ്‌ട്രെറ്റര്‍ പിന്തിരിയണം. ഇന്ത്യയുടെ ബഹുസ്വരതയെ എന്നും വെറുപ്പോടെ കാണുന്ന ബി ജെ പിയുടെ രീതികള്‍ പരീക്ഷിക്കാനുള്ള ലബോറട്ടറിയില്ല ലക്ഷദ്വീപും അവിടത്തെ നിഷ്‌കളങ്കളരായ ജനസമൂഹവും.

അനന്യമായ സംസ്‌കാരവും ചരിത്രപരമായ സവിശേഷതകളും പാരിസ്ഥിതികമായ പ്രാധാന്യവും ഉള്ള ലക്ഷദ്വീപിനെയും അവിടുത്തെ ജനതയെയും നവകൊളോണിയല്‍ രീതിയില്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ലക്ഷദ്വീപ് അഡ്മിനിട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ ഉടന്‍ തിരിച്ചുവിളിക്കണമെന്ന് ആവിശ്യപ്പട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്‍കി. അദ്ദേഹം പുറപ്പെടുവിച്ച ജനവിരുദ്ധ നിയമങ്ങളും ഉടന്‍ പിന്‍വലിക്കണം.

ചരിത്രത്തില്‍ ഇന്നേവരെ ഇല്ലാത്ത ഭരണകൂട പീഡനമാണ് പ്രഫുല്‍ കെ പട്ടേല്‍ എന്ന മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രി അഡ്മിനിസ്‌ട്രേറ്ററായി ഭരണമേറ്റതു മുതല്‍ ലക്ഷദ്വീപില്‍ നടന്നുവരുന്നത്. അംഗന്‍വാടി പ്രവര്‍ത്തകരുള്‍പ്പെടെ നൂറുകണക്കിന് കോണ്‍ട്രാക്ട്, കാഷ്വല്‍ തൊഴിലാളികളെ പിരിച്ചുവിടുകയും, മല്‍സ്യ തൊഴിലാളികളുടെ ജീവനോപാധികള്‍ക്കുമേല്‍ ഭരണകൂട ഭീകരത അഴിച്ചു വിടുകയുമാണ്. നിര്‍ദിഷ്ട ഭൂമി കൈമാറ്റ നിയമത്തിലൂടെ ദ്വീപ് നിവാസികളുടെ ഭൂമിക്കുമേലുള്ള അവകാശങ്ങള്‍പ്പോലും ഹനിക്കുന്നു. ദ്വീപ് നിവാസികളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിനും ഉപജീവനത്തിനും മേല്‍ കടിഞ്ഞാണിട്ട് കന്നുകാലികളുടെ പരിപാലനവും വളര്‍ത്തലും സംബന്ധിച്ച നിയമം പരിഷ്‌കരിച്ചുകൊണ്ട് കന്നുകാലി വധ നിരോധനം കൊണ്ട് വരാന്‍ ശ്രമിക്കുന്നു. കുറ്റകൃത്യങ്ങള്‍ തീരെയില്ലാത്ത ദ്വീപില്‍ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനായി ഗുണ്ടാ നിയമം നടപ്പാക്കിയ പ്രഫുല്‍ കെ പട്ടേല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി ഭരണമാണ് ദ്വീപില്‍ നടപ്പിലാക്കുന്നത്.

ഭൂരിപക്ഷം ജനങ്ങളുടെയും വരുമാന മാര്‍ഗം മീന്‍പിടുത്തമായ ലക്ഷദ്വീപില്‍ തൊഴിലാളികള്‍ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡ്ഡുകള്‍ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് പ്രഖ്യാപിച്ച് പൊളിച്ചുമാറ്റുകയാണ്.
വര്‍ഷങ്ങളായി ചരക്കുഗതാഗതത്തിനും മറ്റും ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്തെ മാത്രം ഇനി മുതല്‍ ആശ്രയിക്കണമെന്ന തീരുമാനം കൈക്കൊണ്ട അഡ്മിനിസ്‌ട്രേഷന്‍ ബേപ്പൂരിനെയും പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണ് എടുത്തത്തിട്ടുള്ളത്. കേരളവുമായുള്ള ലക്ഷദ്വീപ് ജനതയുടെ ബന്ധം ഇല്ലാതാക്കാനാണ് രാഷ്ട്രീയ പ്രേരിതമായ ഈ തീരുമാനം. ഇത് ദൂരവ്യപകമായ പ്രത്യഘാതങ്ങള്‍ക്ക് ഇടയാക്കും. അതിനെ എന്ത് വിലകൊടുത്തും ചെറുക്കും’.