കെവി തോമസിന് ഇടമില്ല; കൊടിക്കുന്നിലും പിടി തോമസും സിദ്ദിഖും വര്‍ക്കിങ് പ്രസിഡന്റുമാര്‍

ന്യൂഡല്‍ഹി: കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കിയതിന് പിന്നാലെ കൊടിക്കുന്നില്‍ സുരേഷിനെയും പി ടി തോമസിനെയും ടി സിദ്ദിഖിനെയും വര്‍ക്കിങ് പ്രസിഡന്റുമായി നിയമിച്ച് ഹൈക്കമാന്‍ഡ്. കെവി തോമസിനെ വര്‍ക്കിങ് പ്രസിഡന്റാക്കുമെന്ന നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അന്തിമഘട്ടത്തില്‍ അദ്ദേഹത്തിന്റെ പേര് പരിഗണിച്ചിട്ടില്ല.

നിലവില്‍ വര്‍ക്കിങ് പ്രസിഡന്റായിരുന്ന കൊടിക്കുന്നിലിന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നെങ്കിലും സുധാകരനിലേക്ക് തന്നെ ഹൈക്കമാന്‍ഡ് തീരുമാനമുറപ്പിക്കുകയായിരുന്നു. ഇതിന് ശേഷമാണ് കൊടിക്കുന്നില്‍ അടക്കം മൂന്നുപേരെ വര്‍ക്കിങ് പ്രസിഡന്റുമാരായും നിശ്ചയിച്ചത്.

Also Read: ‘പ്രഖ്യാപനത്തിന് മുമ്പേ മാധ്യമങ്ങളെ അറിയിച്ചു’; കെ സുധാകരനോട് ഹൈക്കമാന്‍ഡിന് അതൃപ്തി, വിളിച്ചറിയിച്ച് താരിഖ് അന്‍വര്‍

ആഴ്ച്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കെപിസിസി അദ്ധ്യക്ഷനായി കെ സുധാകരനെ തെരഞ്ഞെടുത്തത്. കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാനുള്ള ചുമതല ഏല്‍പിച്ചുകൊണ്ടുള്ള തീരുമാനം രാഹുല്‍ ഗാന്ധി കെ സുധാകരനെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു.