കൊച്ചി: കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതില്‍ ദളിത് അയിത്തമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടുക്കുന്നില്‍ സുരേഷ്. അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനാണ്. എന്നാല്‍ കേരളത്തില്‍ ദളിതനായ ഒരാളെ കെപിസിസി അധ്യക്ഷ സ്ഥാനത്തെത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവര്‍ പരിപാടിയിലാണ് കൊടിക്കുന്നില്‍ സുരേഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഏഴു തവണ ലോക്സഭയിലേക്ക് ജയിച്ച വ്യക്തിയാണ് താന്‍. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാകും ദളിത് വിഭാഗത്തില്‍ നിന്നും ഒരാള്‍ ഇത്രയേറെ തവണ ലോക്സഭയിലേക്ക് തെരഞ്ഞടുക്കപ്പെടുന്നത്. ഒരു തവണകൂടി ജയം ആവര്‍ത്തിച്ചാല്‍ ലോക്സഭയിലെ അടുത്ത പ്രോട്ടേം സ്പീക്കറാണ്. ഇത് താനായത് കൊണ്ടും താനൊരു ദളിതനായതുകൊണ്ടുമാണ് തന്നെ ആരും അതിനെ പ്രകീര്‍ത്തിക്കുകയോ പ്രശംസിക്കുകയോ ചെയ്യുന്നില്ല. തനിക്കതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയിപ്പിച്ച മണ്ഡലത്തിലുള്ള ജനങ്ങള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെ തുടര്‍ച്ചയായി ജയിക്കാന്‍ കഴിയുന്നത്. എഐസിസിയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്, കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായിട്ടുണ്ട്, കെപിസിസി അധ്യക്ഷനാകാന്‍ യോഗ്യനാണ്. എന്ത് അര്‍ത്ഥത്തിലാണ് തന്നെ പരിഗണിക്കാതിരിക്കുന്നതെന്നും അതിന് യാതൊരു ന്യായീകരണവുമില്ലെന്നും കൊടിക്കുന്നില്‍ തുറന്നടിച്ചു.
എന്താണ് കെപിസിസി അധ്യക്ഷനാകാനുള്ള യോഗ്യതയെന്നും അദ്ദേഹം ചോദിച്ചു. ‘ഇപ്പോള്‍ കേരളത്തിലെ പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വരുന്നു. കഴിഞ്ഞ തവണ എംഎം ഹസനെ മാറ്റി മുല്ലപ്പള്ളി രാമചന്ദ്രന് വരുന്ന സമയത്ത് ഞാന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ക്ലെയിം ചെയ്തതാണ്. എന്നെയും പരിഗണിച്ചതാണ്. പക്ഷെ ഹൈക്കമാന്‍ഡ് തീരുമാനിച്ചത് മുല്ലപ്പള്ളി രാമചന്ദ്രനെയാണ്. തുടര്‍ന്ന് എന്നെ വര്‍ക്കിംഗ് പ്രസിഡന്റാക്കി’, അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്ക് ഭാവിയില്‍ വേണ്ടുന്ന എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും എഐസിസി കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത്. കേരളത്തില്‍ മാത്രമാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ ദളിതന് അയിത്തം കല്പ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ദളിതര്‍ മുഖ്യമന്ത്രിയായി വന്ന് കഴിഞ്ഞു. കേരളത്തില്‍ മാത്രമാണ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് പട്ടികജാതിക്കാരനായ ഒരാള്‍ വരാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.