കോടിയേരി ഇനി ദേശാഭിമാനി ചീഫ് എഡിറ്റര്‍; പുതിയ ചുമതല സെക്രട്ടറിയായി മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ

തിരുവനന്തപുരം: സിപിഐഎം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ചുമതലയേറ്റെടുക്കും. നിലവില്‍ ചീഫ് എഡിറ്ററായ പി രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് കോടിയേരിയെ ചുമതലയേല്‍പിക്കുന്നത്.

സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അദ്ദേഹം സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. കോടിയേരി മടങ്ങിയെത്തിയേക്കുമെന്ന വാര്‍ത്തകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി അദ്ദേഹത്തെ നിയമിക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോടിയേരി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. കെകെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന നിര്‍ദ്ദേശം പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ അവതരിപ്പിച്ചതും കോടിയേരിയായിരുന്നു. ഇതോടെയാണ് അദ്ദേഹം സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

2006ല്‍ ഇദ്ദേഹം ആഭ്യന്തര, വിനോദസഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2015 ലെ സിപിഐഎമ്മിന്റെ 21ാം പാര്‍ട്ടി സംസ്ഥാനസമ്മേളനത്തില്‍ വെച്ചായിരുന്നു കോടിയേരിയെ പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018ലെ സംസ്ഥാനസമ്മേളനത്തില്‍ അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറിയായി വീണ്ടും ചുമതലയേല്‍പ്പിച്ചു. 2020ലാണ് അവധിയില്‍ പ്രവേശിച്ചത്.

പി രാജീവിന് മുമ്പ് നിയുക്ത മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററായിരുന്നു ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍. രണ്ടാം പിണറായി മന്ത്രിസഭയില്‍ വ്യവസായം, നിയമം എന്നീവകുപ്പുകളുടെ ചുമതലയാണ് പി രാജീവിനുള്ളത്. കളമശ്ശേരി മണ്ഡലത്തില്‍നിന്ന് 15,336 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് രാജീവ് ജയിച്ചുകയറിയടത്. നിലവില്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. എസ്എഫ്‌ഐ പ്രവര്‍ത്തനത്തിലൂടെയായിരുന്നു രാജീവിന്റെ രാഷ്ട്രീയപ്രവേശം. 2009ലും 2015ലും രാജ്യസഭാംഗമായി. 2019ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.