കോടിയേരിക്കും തുടര്‍ച്ച? സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തിയേക്കും

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലേക്കുള്ള മന്ത്രിമാരുടെ വകുപ്പുകളില്‍ അന്തിമ തീരുമാനമുണ്ടാവുന്നതിന് പിന്നാലെ സിപിഐഎം അടുത്ത നിര്‍ണായക തീരുമാനത്തിലേക്ക് കടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തിയേക്കുമെന്നാണ് വിവരം. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം കോടിയേരിയുടെ മടങ്ങിവരവ് പ്രഖ്യാപനമുണ്ടായേക്കും.

അനാരോഗ്യങ്ങളെ തുടര്‍ന്ന് എന്ന് വിശദീകരിച്ചായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറി അവധിയില്‍ പ്രവേശിച്ചത്. മകന്‍ ബിനീഷ് കോടിയേരിക്കെതിരെ കേന്ദ്രഏജന്‍സികളുടെ അന്വേഷണമുണ്ടായ ഘട്ടത്തിലായിരുന്നു ഇത്. തുടര്‍ന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെ താല്‍കാലിക ചുമതലയേല്‍പിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ കോടിയേരി വീണ്ടും പാര്‍ട്ടി കാര്യങ്ങളില്‍ സജീവമായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും മന്ത്രിസഭ സംബന്ധിച്ച തീരുമാനങ്ങളിലും കോടിയേരി ബാലകൃഷ്ണനായിരുന്നു നേതൃത്വം വഹിച്ചത്. കെകെ ശൈലജയെ ഒഴിവാക്കിയുള്ള തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ അവതരിപ്പിച്ചതും കോടിയേരിയായിരുന്നു. ഇത് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്കുള്ള കോടിയേരിയുടെ മടങ്ങിവരവാണ് സൂചിപ്പിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Also Read: ഒഴിവാക്കാനുള്ള തീരുമാനം രണ്ടാഴ്ച മുമ്പെടുത്തു; ശൈലജ ടീച്ചര്‍ അറിഞ്ഞത് സെക്രട്ടേറിയറ്റ് യോഗത്തില്‍ മാത്രം, പാര്‍ട്ടി തീരുമാനം വന്നതിങ്ങനെ

ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ പിണറായി വിജയന്റെ വലംകയ്യായി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്നു. അവസാന ഘട്ടത്തില്‍ അനാരോഗ്യം ചൂണ്ടിക്കാട്ടി അദ്ദേഹം അവധിയില്‍ പ്രവേശിച്ചെങ്കിലും മടങ്ങിവരുമെന്ന സൂചനകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. വിജയ രാഘവനെ സ്ഥിരം സെക്രട്ടറിയാക്കാത്തതും എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് മറ്റൊരു പേര് നിര്‍ദ്ദേശിക്കപ്പെടാത്തതും ഈ മടങ്ങിവരവിലേക്കുതന്നെയായിരുന്നു വിരല്‍ ചൂണ്ടിയത്.

പാര്‍ട്ടി സമ്മേളനങ്ങള്‍ വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ കോടിയേരി തന്നെ വീണ്ടും സെക്രട്ടറി സ്ഥാനത്തെത്തിയേക്കുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.

ചിത്രം: പ്രസൂണ്‍ കിരണ്‍

Also Read: ‘വീണയ്ക്കും വേദനകള്‍ ഉണ്ടാകാറുണ്ട്’; ജീവനുള്ള മനുഷ്യന്റെ പച്ചയിറച്ചി കടിച്ചു തിന്നുന്നതിനേക്കാള്‍ വേദനിപ്പിക്കുന്ന പ്രചരണങ്ങളുണ്ടായെന്ന് മുഹമ്മദ് റിയാസ്