‘അടികൊണ്ട് വീണുകിടന്നപ്പോള്‍ എന്റെ മുഖത്ത് ചവിട്ടി’; ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വിസ്മയ വാട്‌സാപ്പില്‍ പറഞ്ഞത്

കൊല്ലം ശൂരനാട് പോരുവഴിയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട വിസ്മയ (24) തനിക്ക് ഭര്‍ത്താവ് കിരണില്‍ നിന്ന് ക്രൂരമര്‍ദ്ദനമേറ്റെന്ന് പറയുന്ന സന്ദേശങ്ങള്‍ പുറത്ത്. ഭര്‍ത്താവ് തന്നെ പതിവായി മര്‍ദ്ദിക്കുകയാണെന്ന് ബന്ധുവിനോട് വാട്‌സാപ്പ് ചാറ്റില്‍ പറയുന്ന വിസ്മയ മര്‍ദ്ദനമേറ്റതിന്റെ പാടുകളും അയച്ചുകൊടുത്തു. രണ്ട് ദിവസം മുന്‍പ് കാറ് പോരായെന്ന പേരില്‍ തന്നെ മര്‍ദ്ദിച്ചെന്നും മുഖത്ത് ചവിട്ടിയെന്നും വിസ്മയ ചാറ്റില്‍ പറയുന്നു.

വിസ്മയ പറയുന്നത്

“വണ്ടി കൊള്ളില്ല എന്ന് പറഞ്ഞ് എന്നെ തെറി വിളിച്ചു. അച്ഛനേയും ചീത്ത പറഞ്ഞുവരുവായിരുന്നു, വണ്ടി സ്പീഡില്‍. സൈഡ് ഗ്ലാസ് പൊട്ടിച്ചു. അയാള്‍ക്ക് ആ വണ്ടി ഇഷ്ടമല്ല. ‘ഞാന്‍ എത്ര നല്ല ലെവലില്‍ ആയിട്ട് എനിക്ക് കിട്ടിയത് ഈ കോപ്പ് വണ്ടി’ എന്നൊക്കെ പറഞ്ഞു. അച്ഛനെ കുറേ പച്ചതെറിവിളി. ലാസ്റ്റ് നിര്‍ത്താന്‍ പറഞ്ഞു ഞാന്‍. അപ്പോള്‍ അയാള്‍ നിര്‍ത്തിയില്ല. ഞാന്‍ കതക് തുറന്നു അപ്പോള്‍ എന്റെ മുടിയില്‍ പിടിച്ച് വലിച്ചു. എന്നിട്ട് തെറിയും. ലാസ്റ്റ് ഞാന്‍ ഇറങ്ങി. ഞാന്‍ പറഞ്ഞു. ‘എനിക്ക് പേടിയാ, ഞാന്‍ വരുന്നില്ല’.

വീട്ടില്‍ വന്നാല്‍ അടിക്കും, അങ്ങനെയാണ് സാധാരണ. ദേഷ്യം വന്നാല്‍ എന്നെ അടിക്കും. മിനിയാന്ന് എന്റെ മുഖത്ത് ചവിട്ടി. കുറേ അടിച്ചു. ഞാന്‍ ഒന്നും ആരോടും പറഞ്ഞില്ല. അടിച്ചു എന്നേ പറഞ്ഞുള്ളൂ. മിനിയാന്ന് എന്നെ ഒത്തിരി അടിച്ചു. ഞാന്‍ അടി കൊണ്ട് കിടന്നപ്പോള്‍ കാലുവെച്ച് മുഖത്ത് അമര്‍ത്തിപ്പിടിച്ചു. എന്നിട്ട് മുഖത്ത് ചവിട്ടി. ഞാന്‍ ഒന്നും ആരോടും പറയുന്നില്ല.”

ഇന്ന് പുലര്‍ച്ചെയാണ് വിസ്മയയെ ഭര്‍ത്താവ് കിരണിന്റെ വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശൂരനാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണത്തില്‍ നിര്‍ണായകമാകും. മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥനാണ് എസ് കിരണ്‍ കുമാര്‍. കഴിഞ്ഞ വര്‍ഷം മേയ് 31നാണ് നിലമേല്‍ കൈതോട് സ്വദേശി ത്രിവിക്രമന്‍നായരുടേയും സജിതയുടേയും മകളായ വിസ്മയയെ വിവാഹം കഴിച്ചത്.

വിസ്മയയുടേത് കൊലപാതകമാണെന്ന് സഹോദരന്‍ വിജിത്ത് പറഞ്ഞു. വിസ്മയ നിരന്തരം സ്ത്രീധന പീഡനം അനുഭവിച്ചിരുന്നു. വീട്ടില്‍ വന്ന് നില്‍ക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്ന സ്വാധീനം ഉപയോഗിച്ച് കിരണ്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും വിസ്മയയുടെ കുടുംബം പറഞ്ഞു.