കണ്ണൂര്‍: കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായ പൊട്ടക്കണ്ടി അബ്ദുള്ള 6000നും 10000നും ഇടയില്‍ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് യുഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി. മണ്ഡലത്തിലെ ബൂത്ത് കമ്മറ്റികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലം കമ്മറ്റിയുടെ ഈ വിലയിരുത്തല്‍.
ലോക്സഭ തെരഞ്ഞെടുപ്പില്‍ നാലായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തതിനേക്കാള്‍ അയ്യായിരത്തിലേറെ വോട്ടുകള്‍ പോള്‍ ചെയ്തിട്ടുണ്ട്. ഈ കണക്ക് യുഡിഎഫിന് ആത്മവിശ്വാസം പകരുന്നതാണെന്ന് മണ്ഡലം കമ്മറ്റി വിലയിരുത്തുന്നു.
യുഡിഎഫ് ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകളിലും പാനൂര്‍ നഗരസഭയിലുമാണ് പോളിംഗ് വര്‍ധിച്ചത്. അതേ സമയം ഇത്തവണ എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ പോളിംഗില്‍ കുറവുണ്ടായതും തങ്ങളെ സഹായിക്കുമെന്ന് മണ്ഡലം കമ്മറ്റി വിലയിരുത്തുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ജെഡി നേതാവും മുന്‍ മന്ത്രിയുമായ കെപി മോഹനനായിരുന്നു.2011ല്‍ എസ്ജെഡി യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ കെപി മോഹനന് 3303 വോട്ടിനാണ് വിജയിച്ചത്.