‘എന്നെ മന്ത്രിയാക്കിയാല്‍ ആര്‍എസ്പി അണികള്‍ ഇടതുമുന്നണിയിലെത്തും’; മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കോവൂര്‍ കുഞ്ഞുമോന്‍

കൊല്ലം: രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം ആവശ്യപ്പെടാനൊരുങ്ങി കോവൂര്‍ കുഞ്ഞുമോന്‍. കുന്നത്തൂരില്‍ അഞ്ചുതവണ തുടര്‍ച്ചയായ വിജയം ഉറപ്പിച്ചത് പരിഗണിച്ച് തീരുമാനമെടുക്കണമെന്നാണ് കുഞ്ഞുമോന്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം വ്യക്തിമാക്കി പിണറായി വിജയന് കത്ത് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

കാലങ്ങളായി ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിന്നത് പരിഗണിക്കണമെന്നാണ് കുഞ്ഞുമോന്‍ ആവശ്യപ്പെടുന്നത്. പാര്‍ട്ടി എല്‍ഡിഎഫ് വിട്ട് യുഡിഎഫ് പാളയത്തിലെത്തിയപ്പോഴും കുഞ്ഞുമോന്‍ മുന്നണിയില്‍ത്തന്നെ തുടരുകയായിരുന്നു.

ഇത്തവണ ആര്‍എസ്പിയുടെ ഉല്ലാസ് കോവൂരിനെ 2790 വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് കോവൂര്‍ കുഞ്ഞുമോന്‍ ജയമുറപ്പിച്ചത്. തന്നെ മന്ത്രിയാക്കിയാല്‍ യുഡിഎഫിലുള്ള ആര്‍എസ്പി പ്രവര്‍ത്തകര്‍ ഇടതുമുന്നണിയിലെത്തുമെന്നാണ് കുഞ്ഞുമോന്റെ വാദം.