‘സംപൂജ്യ തൃപ്പാദങ്ങളുടെ ആഗ്രഹപ്രകാരം ദേവസ്വം ഭരണം നടത്താനാകട്ടെ’; സംഘ്പരിവാര്‍ വേദിയിലെ കെ രാധാകൃഷ്ണന്‍ ചിത്രവുമായി കെ പി ശശികല

ദേവസ്വം വകുപ്പ് മന്ത്രിയായി ചുമതലയേറ്റ കെ രാധാകൃഷ്ണന് ആശംസകളര്‍പ്പിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല. സംഘ്പരിവാര്‍ വേദിയില്‍ കെ രാധാകൃഷ്ണന്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് ഹിന്ദു ഐക്യവേദി നേതാവിന്റെ പ്രതികരണം. ഹിന്ദു ഐക്യവേദി സ്ഥാപകാചാര്യന്‍ സത്യാനന്ദ സരസ്വതിയുടെ കൈയില്‍ നിന്നും ‘പുണ്യഭൂമി’ പത്രത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങുന്ന ചിത്രമാണ് ശശികല ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

ഹിന്ദുഐക്യവേദി സ്ഥാപകാചാര്യന്‍ സംപൂജ്യ സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളില്‍ നിന്നും പുണ്യ ഭൂമി പത്രത്തിന്റെ ആദ്യ കോപ്പി സ്വീകരിച്ച നിയുക്ത ദേവസ്വം മന്ത്രി സഖാവ് കെ രാധാകൃഷ്ണന്‍. തൃപ്പാദങ്ങളുടെ ആഗ്രഹപ്രകാരമുള്ള ദേവസ്വം ഭരണം നടത്താന്‍ ഇദ്ദേഹത്തിന് സ്വാമിജീയുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടാകട്ടെ.

കെപി ശശികല

ഹിന്ദു ഐക്യവേദിയുടെ മുഖപത്രമാണ് പുണ്യഭൂമി. ‘അന്തര്‍ദേശീയ സനാതന ദിനപത്രം’ എന്ന തലവാചകമുള്ള പുണ്യഭൂമി ഓണ്‍ലൈനായും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്.