തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി ഔദ്യോഗിക ചുമതലയേറ്റെടുക്കുന്ന കെ സുധാകരന് സ്ഥാനമൊഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രന് ഉപയോഗിച്ചിരുന്ന ഓഫീസിലേക്കെത്തില്ല. നേരത്തെ കെപിസിസി അധ്യക്ഷന്മാരായിരുന്ന രമേശ് ചെന്നിത്തലയും വിഎം സുധീരനും ഉപയോഗിച്ചിരുന്ന മുറിയാണ് സുധാകരന് തെരഞ്ഞെടുത്തിക്കുന്നത്. മൂന്ന് വര്‍ഷമായി ഈ മുറി ഉപയോഗമില്ലാതെ അടഞ്ഞുകിടക്കുകയാണ്.
കെ മുരളീധരന് അധ്യക്ഷനായിരുന്നപ്പോഴാണ് ഈ കെട്ടിടം നിര്‍മ്മിക്കുന്നത്. പിന്നീടുവന്ന അധ്യക്ഷന്മാരെല്ലാം ഈ പുതിയ കെട്ടിടമായിരുന്നു ഓഫീസായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ മുല്ലപ്പള്ളി പഴയ മന്ദിരത്തിന്റെ ഭാഗമായുള്ള പ്രസിഡന്റുമാരുടെ ഓഫീസ് തെരഞ്ഞെടുക്കുകയായിരുന്നു.
കെപിസിസി അധ്യക്ഷനായി കെ സുധാകരന് ചുമതലയേറ്റെടുത്തു. പ്രധാന നേതാക്കളെല്ലാം ഇന്ദിരാഭവനില്‍ എത്തി ചടങ്ങില്‍ പങ്കെടുത്തു. രാവിലെ 10 മണിക്ക് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിലും അതിന് ശേഷം പാളയം രക്തസാക്ഷി മണ്ഡലപത്തിലെത്തിയും സുധാകരന് ഹാരാര്‍പ്പണം നടത്തി. കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന തനിക്ക് എല്ലാവരുടെയും അനുഗ്രം വേണമെന്ന് കെ സുധാകരന് അഭ്യര്‍ത്ഥിച്ചിരുന്നു.