‘പ്രഖ്യാപനത്തിന് മുമ്പേ മാധ്യമങ്ങളെ അറിയിച്ചു’; കെ സുധാകരനോട് ഹൈക്കമാന്‍ഡിന് അതൃപ്തി, വിളിച്ചറിയിച്ച് താരിഖ് അന്‍വര്‍

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പേ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചതില്‍ കെ സുരേന്ദ്രനോട് ഹൈക്കമാന്‍ഡിന് അതൃപ്തി. ഹൈക്കമാന്റിന്റെ അതൃപ്തി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കെ സുധാകരനെ ഫോണില്‍ വിളിച്ച് അറിയിച്ചു. രാഹുല്‍ ഗാന്ധി വിളിച്ച ശേഷം പുറത്ത് മാധ്യമങ്ങളെ കണ്ടത് കൊണ്ടാണ് താന്‍ പ്രതികരിച്ചതെന്നാണ് കെ സുധാകരന്റെ വിശദീകരണം.

ആഴ്ച്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കെപിസിസി അദ്ധ്യക്ഷനായി കെ സുധാകരനെ തെരഞ്ഞെടുത്തത്. കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാനുള്ള ചുമതല ഏല്‍പിച്ചുകൊണ്ടുള്ള തീരുമാനം രാഹുല്‍ ഗാന്ധി കെ സുധാകരനെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ സുധാകരന്‍ മാധ്യമങ്ങളെ അറിയിച്ചു. പ്രഖ്യാപനത്തിന് മുമ്പേ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായതാണ് ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചത്.

Also Read: ‘ഗ്രൂപ്പുകളെ സഹകരിപ്പിക്കാന്‍ എനിക്കറിയാം, പാര്‍ട്ടിയോട് കൂറുള്ളവരെ നേതൃസ്ഥാനത്ത് കൊണ്ടുവരും’; സംഘടനാ സ്പിരിറ്റോടെ കോണ്‍ഗ്രസിനെ ശക്തമായി തിരികെ കൊണ്ടുവരുമെന്ന് കെ സുധാകരന്‍

കേരളത്തിലെ കോണ്‍ഗ്രസിനെ ശക്തമായി തിരികെ കൊണ്ടുവരുമെന്ന് കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സുധാകരന്‍ പ്രതികരിച്ചു. ഒറ്റക്കെട്ടായി എല്ലാ നേതാക്കളേയും സഹകരിപ്പിച്ച് പഴയ കോണ്‍ഗ്രസിന്റെ സംഘടനാ സ്പിരിറ്റോടെ മുന്നോട്ടുപോകും. ഗ്രൂപ്പിനേക്കാള്‍ പ്രാധാന്യവും പ്രാമുഖ്യവും നല്‍കാന്‍ ആഗ്രഹിക്കുന്നത് കര്‍മ്മശേഷിക്കും അര്‍പ്പണബുദ്ധിക്കുമാണ്. പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്ന നേതാക്കന്മാരെ കണ്ടെത്തി അവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ശ്രമകരമായ ദൗത്യമാണ് നടത്താന്‍ പോകുന്നത്. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും അതിനോട് യോജിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

‘ഗ്രൂപ്പുകളെ സഹകരിപ്പിക്കാന്‍ എനിക്ക് അറിയാം. നല്ല രാഷ്ട്രീയ പരിചയമുള്ള ഒരുത്തനാണ് ഞാന്‍. ഞാന്‍ പുതുമുഖമൊന്നുമല്ല. അമ്പത് കൊല്ലമായി ഈ പണി തുടങ്ങിയിട്ട്. അതുകൊണ്ട് എനിക്ക് അറിയാം അവരെയൊക്കെ എങ്ങനെ സഹകരിപ്പിക്കണമെന്ന്. ഞാന്‍ സഹകരിപ്പിക്കും’, കെ സുധാകരന്‍ പറഞ്ഞു.

Also Read: കെ സുധാകരന്‍ കെപിസിസിയെ നയിക്കും; തീരുമാനം അറിയിച്ചത് രാഹുല്‍ ഗാന്ധി

ഗ്രൂപ്പിനേക്കാള്‍ പ്രാധാന്യവും പ്രാമുഖ്യവും നല്‍കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നത് കര്‍മ്മശേഷിക്കും അര്‍പ്പണബുദ്ധിക്കുമാണ്. അര്‍ഹതപ്പെട്ട, കഴിവുള്ള, ജനവിശ്വാസമുള്ള പാര്‍ട്ടി പ്രവര്‍ത്തനത്തോട് കൂറ് പുലര്‍ത്തുന്ന നേതാക്കന്മാരെ കണ്ടെത്തി അവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ശ്രമകരമായ ദൗത്യമാണ് നടത്താന്‍ പോകുന്നത്. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും അതിനോട് യോജിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. ഇവിടെ പാര്‍ട്ടിയാണ്, സംഘടനയാണ് ആവശ്യം. ആ സംഘടനയ്ക്ക് കരുത്തുപകരാന്‍ സാധിക്കുന്ന ഏത് തീരുമാനവും കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകന്‍മാര്‍ എല്ലാറ്റിനും അപ്പുറത്ത് ഏറ്റെടുക്കും. അവരത് സ്വീകരിക്കും, പിന്തുണ തരും. അതുകൊണ്ടാണ് ഈ സ്ഥാനം ആത്മവിശ്വാസത്തോടെ ഏറ്റെടുത്തത്. അത് മനസില്‍ ശിരസാവഹിക്കുന്നു. ഇനിയുള്ള കാലം പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രയത്നിക്കും, എല്ലാവരേയും ഐക്യത്തോടെ കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.