‘അധികാരത്തിന് പുറകേപോവാത്ത ഒരു മനസുണ്ടോ? ഈ പാര്‍ട്ടിയെ നമുക്ക് തിരിച്ചുകൊണ്ടുവരാം’; വാഗ്ദാനങ്ങളോടെ സ്ഥാനമേറ്റെടുത്ത് കെ സുധാകരന്‍

തിരുവനന്തപുരം: അധികാരമോഹങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയല്ലാതെ പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കാനുള്ള മനസുണ്ടെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ കഴിയുമെന്ന് കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് കെ സുധാകരന്‍. അഞ്ചുവര്‍ഷം അക്ഷീണം പ്രവര്‍ത്തിച്ചാലേ കേരളത്തില്‍ കോണ്‍ഗ്രസിന് കരുത്തോടെ തിരിച്ചുവരവ് സാധ്യമാവൂ. പുതിയ നേതൃത്വത്തിന് മുന്നില്‍ ഒരുപാട് പദ്ധതികളുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

‘ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 20ല്‍ 19 സീറ്റും നേടിയില്ലേ. ഇന്ന് കരുത്തുള്ള മുന്നണിയെന്ന് അവകാശപ്പെടുന്ന എല്‍ഡിഎഫിന് അന്ന് ലഭിച്ചത് ഒരു സീറ്റാണ്. പക്ഷേ അന്നാരെങ്കിലും പറഞ്ഞോ ഇടതുപക്ഷം തകര്‍ന്നുപോയെന്ന്. ഇല്ല, കാരണം ജനാധിപത്യ സംവിധാനത്തില്‍ ഇതെല്ലാം സ്വാഭാവികമാണ്. ചെറിയൊരു മാര്‍ജ്ജിന്റെ വ്യത്യാസത്തില്‍ ഇവിടെ നിന്നു തിരിച്ചുവരാന്‍ നമ്മള്‍ക്ക് എന്താണ് പ്രയാസം. നിങ്ങള്‍ക്ക് ആത്മവിശ്വാസം ഇല്ലേ നിങ്ങള്‍ക്ക് ആത്മധൈര്യം ഇല്ലേ തിരിച്ചുവരുമെന്ന് നിങ്ങള്‍ക്ക് പ്രതീക്ഷയില്ലേ. ആ പ്രതീക്ഷയുണ്ടെങ്കില്‍ കര്‍മ്മത്തിന്റെ പാതയിലേക്ക് അഞ്ച് വര്‍ഷം കടന്നു പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ’, പ്രവര്‍ത്തകരോടായി സുധാകരന്‍ ചോദിച്ചു.

Also Read: മുന്നില്‍ വന്ന് ചിരിക്കുന്നവരെല്ലാം സ്‌നേഹിതന്മാരല്ലെന്ന് നേതാക്കളുടെ വേദിയില്‍ ചെന്നിത്തലയുടെ ഒളിയമ്പ്; എനിക്കത് നേരത്തെ മനസിലായെന്ന് മുരളീധരന്റെ മറുവെട്ട്

അധികാരത്തിന്റെ പുറകെ, സ്ഥാനമാനങ്ങളുടെ പുറകെ പോകാതെ പാര്‍ട്ടിയെ പ്രാദേശിക തലങ്ങളില്‍ കരുപിടിപ്പിക്കാന്‍,പ്രസ്ഥാനത്തിന് കരുത്തുപകരാന്‍ ആളുകളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ഒരു സന്മനസ് ഈ പാര്‍ട്ടിയ്ക്ക് വേണ്ടി ഏറ്റെടുക്കാന്‍ നിങ്ങള്‍ക്ക് ഉണ്ടോ. എങ്കില്‍ നമ്മള്‍ക്ക് വിജയവും ഉണ്ട്. ഈ പാര്‍ട്ടിയെ തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.